ശ്രീരാമനെതിരെ വിവാദ പരാമർശവുമായി എൻസിപി-ശരദ് പവാർ വിഭാഗം എംഎൽഎ ഡോ. ജിതേന്ദ്ര അവ്ഹദ്

ശ്രീരാമനെതിരെ വിവാദ പരാമർശവുമായി എൻസിപി-ശരദ് പവാർ വിഭാഗം എംഎൽഎ ഡോ. ജിതേന്ദ്ര അവ്ഹദ്. സസ്യാഹാരിയായിരുന്നില്ല, ശ്രീരാമൻ. മറിച്ച് മാംസാഹാരിയായിരുന്നുവെന്ന് അവകാശവാദം. എങ്ങനെ 14 വർഷം വനത്തിൽ കഴിഞ്ഞ ഒരാൾക്ക് സസ്യാഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. അവ്ഹദ് വിവാദ പരാമർശം നടത്തിയത് മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ക്യാമ്പിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ്. “ശ്രീരാമൻ ബഹുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, ഒരു നോൺ-വെജിറ്റേറിയനായിരുന്നു.

14 വർഷം വനത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും? ചോദ്യം ശരിയോ തെറ്റോ?”- എൻസിപി എംഎൽഎ പറഞ്ഞു. ബിജെപി പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവ്ഹദ്, രാമഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. എന്ത് തെളിവാണ് ശ്രീരാമൻ മാംസാഹാരം കഴിച്ചുവെന്നതിന് ജിതേന്ദ്ര അവ്ഹദിനുള്ളതെന്ന് ബിജെപി എംഎൽഎ രാം കദം ചോദിച്ചു. അദ്ദേഹം മതവികാരം വ്രണപ്പെടുത്തിയ അവ്ഹദിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ഈ പരാമർശം. ജനുവരി 22 മാംസാഹാരം നിരോധിച്ച് ‘ഡ്രൈ ഡേ’ ആയി പ്രഖ്യാപിക്കണമെന്ന് ബിജെപി എംഎൽഎ രാം കദം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന എന്നതും ശ്രദ്ധേയം.