ശരദ് പവാറിന്റെ വിശ്വസ്തൻ വൽസേ പാട്ടീൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാകും

ന്യൂഡൽഹി: മുതിർന്ന നേതാവും എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറിന്‍റെ വിശ്വസ്​ഥനുമായ ദിലീപ്​ വൽസേ പാട്ടീൽ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രിയാകും. ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ​ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് അദ്ദേഹം തിങ്കളാഴ്ച രാജി​െവച്ചിരു​ന്നു. നിലവിൽ ഉദ്ദവ്​ താക്കറെ സർക്കാറിൽ തൊഴിൽ-എക്​സൈസ്​ വകുപ്പുകൾ കൈകാര്യം ചെയ്യുകയായിരുന്നു പാട്ടീൽ.

ശരദ്​ പവാറിന്‍റെ പി.എ ആയിട്ടായിരുന്നു ദിലീപ്​ വൽസേ പാട്ടീലിന്‍റെ രാഷ്​ട്രീയ ജീവിതത്തിന്‍റെ തുടക്കം. 1990ൽ കോൺഗ്രസ്​ ടിക്കറ്റിൽ എം.എൽ.എ ആയ പാട്ടീൽ 1999ൽ പവാർ എൻ.സി.പി രൂപികരിച്ച വേളയിൽ പാർട്ടി വിടുകയായിരുന്നു. ഏഴ്​ തവണ എം.എൽ.എ ആയിട്ടുണ്ട്​. നിലവിൽ ആംബിഗോൺ മണ്ഡലത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​.കോൺഗ്രസ് എംഎൽഎ ആയിരുന്ന അദ്ദേഹം എൻസിപി രൂപവത്‌കരിച്ചതിന് പിന്നാലെ പവാറിനൊപ്പം നിലകൊള്ളുകയായിരുന്നു.

മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിൻ്റെ ഹര്‍ജിയിലാണ് ദേശ്‌മുഖിനെതിരെ ഹൈക്കോടതി ഉത്തരവിട്ടത്. 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയിരിക്കുന്നത്. അടുത്തിടെ മുംബൈ പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയ പരം ബിർ സിങ്ങ്. അനിൽ ദേശ്മുഖിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് പരാതി നൽകിയത് വിവാദമായിരുന്നു.