Politics (Page 566)

കൊച്ചി: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശന്‍. വലിയ വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. എല്ലാ വെല്ലുവിളികളും മുന്നിലുണ്ട് എന്ന ബോധ്യത്തോടെ, കേരളത്തിലെ കോണ്‍ഗ്രസിനെ ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഈ പദവി ഏറ്റെടുക്കുന്നു. ഇതൊരു പുഷ്പകിരീടമല്ല എന്ന കൃത്യമായ ബോധ്യമുണ്ട്.

ഈ സ്ഥാനത്തിന്റെ മഹത്വം നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ യു.ഡി.എഫ്. പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയില്‍ യു.ഡി.എഫിനെ, കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനുവേണ്ടിയുള്ള കഠിനാധ്വാനം നിറഞ്ഞ നാളുകളാവും ഇനി വരുന്നത്.

യു.ഡി.എഫിന്റേയും കോണ്‍ഗ്രസിന്റേയും പ്രതിസന്ധി നിറഞ്ഞ കാലത്ത് പ്രതിപക്ഷനേതാവ് എന്ന ചുമതല തന്നെ ഏല്‍പ്പിച്ച ദേശീയ നേതൃത്വത്തോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും നന്ദി പറയുന്നു. കേരളത്തിലെ യു.ഡി.എഫ്. പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയില്‍ യു.ഡി.എഫിനെ, കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരും. കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമാവാന്‍ പ്രവര്‍ത്തിക്കുമെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ അഭിനന്ദിക്കുന്നുവെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. നല്ലൊരു നിയമസഭാ സാമാജികനാണ് സതീശൻ. ഹൈക്കമാൻഡിനോട് കൂറും അച്ചടക്കവുമുളള ഒരാളാണ് താൻ. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും താൻ അനുസരിക്കും. പിണറായിയെ മുൾമുനയിൽ നിർത്തിയ പല അഴിമതികളും കൊണ്ടുവന്നത് ചെന്നിത്തലയാണ്.

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി അദ്ദേഹത്തെ ചരിത്രം വിലയിരുത്തുമെന്നും മുല്ലപ്പളളി പറഞ്ഞു.രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്‌ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ യശസ് ഉയർത്തി പിടിക്കാൻ രമേശ് ചെന്നിത്തല വലിയ തോതിൽ പ്രവർത്തിച്ചു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം നിയമസഭാ സ്‌പീക്കറെ ഉടൻ അറിയിക്കും. പാർട്ടിയിൽ അഴിച്ചുപണി വേണമോയെന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. എത്രയും വേഗം തീരുമാനമെടുക്കണമെന്നും മുല്ലപ്പളളി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോണ്‍​ഗ്രസിലെ തലമുറമാറ്റത്തെ സ്വാ​ഗതം ചെയ്ത് എം കെ മുനീര്‍.സിപിഎമ്മിൽ നടന്നത് തലമുറ മാറ്റമല്ല ഇഷ്ടമില്ലാത്തവരെ മാറ്റൽ മാത്രമെന്നും മുനീർ പറഞ്ഞു.  തലമുറമാറ്റം നല്ലതെന്നും മുസ്ലീംലീഗിലും ഇത് ആവശ്യമെന്നും മുനീര്‍ പറഞ്ഞു. പാർലമെൻ്ററി പാർട്ടി ചുമതല ഏറ്റെടുത്തത് പാര്‍ട്ടി ആവശ്യപ്പെട്ടതിനാല്‍ മാത്രമാണ്.

രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും മുനീര്‍ പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനായിരിക്കും ഇനി പ്രതിപക്ഷത്തെ നയിക്കുക. ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്.

തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ എന്തും വിളിച്ച് പറയാന്‍ തയ്യാറായി നടക്കുന്ന ചില അസംബന്ധ പ്രചാരകരുണ്ടെന്നും ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ വേദനയില്‍ നാട് ഒന്നിച്ച് പങ്ക് ചേര്‍ന്നതാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പിറായി വിജയന്‍. ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകള്‍ എന്ന് പറഞ്ഞു നടക്കാന്‍ നമ്മുടെ നാട്ടിലെ ബിജെപി നേതാക്കന്മാര്‍് തയ്യാറായിട്ടുണ്ട്. അവരുടെ വാക്കുകളാണ് ഈ പറയുന്ന സ്വരത്തിലൂടെ കേള്‍ക്കാന്‍ കഴിയുന്നത്. ആ കുടുംബത്തിന്റെ വേദനയില്‍ നമ്മളെല്ലാം പങ്കുവഹിച്ചതാണെന്നും നാടാകെ ആ കുടുംബത്തോടൊപ്പവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്ത്ത മുസ്ലിംലീഗ് നേതാക്കള്ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുസ്ലിം ജനവിഭാഗം ന്യൂനപക്ഷ വിഭാഗമാണെന്നും അവര്‍ക്ക് എന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരില്‍ മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുവായ ആലോചനക്കിടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പൊതുവായ അഭിപ്രായം വന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. ഏതെങ്കിലും വിഭാഗത്തിന് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് തോന്നുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പാല്‍ സംഭരണ പ്രതിസന്ധിക്ക് പരിഹാരം. തിങ്കളാഴ്ച മുതല്‍ 100 ശതമാനം പാലും സംഭരിക്കാന്‍ തീരുമാനിച്ചതായും സംഭരണം ഊര്‍ജിതമാക്കാന്‍ മൂന്ന് ക്ഷീര സഹകരണ യൂണിയനുകള്‍ക്കും നിര്‍ദേശം നല്‍കിയതായും ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. അധികമായി സംഭരിക്കുന്ന പാല്‍ അംഗനവാടികള്‍, ഡൊമിസിലിയറി കെയര്‍ സെന്റര്‍, കോവിഡ് ഫസ്റ്റ്‌ലെയിന്‍ ട്രീറ്റ് മെന്റ് സെന്റര്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, ആദിവാസി കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യും. കൂടാതെ, കൂടുതല്‍ പാല്‍ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാല്‍പ്പൊടി ഫാക്ടറികളില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയ്യാറാക്കി. കോവിഡും ലോക്ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പാല്‍ സംഭരണത്തിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ പിൻഗാമിയായി, 13ാം നമ്പര്‍ കാര്‍ ഏത് മന്ത്രി ഏറ്റെടുക്കുമെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. കൃഷിവകപ്പു മന്ത്രിയും ചേര്‍ത്തലയില്‍നിന്നുള്ള സിപിഐ അംഗവുമായ പി പ്രസാദാണ് 13ാം നമ്പര്‍ കാര്‍ ഏറ്റെടുത്തത്. കാർ നമ്പർ അദ്ദേഹം ചോദിച്ച് വാങ്ങുകയായിരുന്നു. നിര്‍ഭാഗ്യ സംഖ്യയെന്ന ചീത്തപ്പേരുള്ള 13ാം നമ്പര്‍ കാര്‍ ആരും ഏറ്റെടുക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. വി എസ് അച്യുതാന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയാണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്.മന്ത്രിമാർക്ക് രാശിയില്ലാത്ത മന്ത്രിഭവനമെന്ന് പേരുകേട്ട മന്‍മോഹന്‍ ബംഗ്ലാവായിരുന്നു തോമസ് ഐസക്ക് ഔദ്യോഗിക വസതിയാക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിലെ ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവാണ് മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത്.

മന്ത്രിമാരുടെ ഔദ്യോഗിക വസതിയും കാർ നമ്പറും :

പിണറായി വിജയൻ : ക്ലിഫ് ഹൗസ്, നന്തൻകോട്
കാർ നമ്പർ -1

കെ രാജൻ : ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം. പാളയം
കാർ നമ്പർ -2

റോഷി അഗസ്റ്റിൻ : പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -3

കെ. കൃഷ്ണൻകുട്ടി : പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ – 4

എ.കെ. ശശീന്ദ്രൻ : കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം
കാർ നമ്പർ -5

അഹമ്മദ് ദേവർകോവിൽ : തൈക്കാട് ഹൗസ്, വഴുതക്കാട്
കാർ നമ്പർ – 6

അഡ്വ. ആന്റണി രാജു : മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം
കാർ നമ്പർ -7

സജി ചെറിയാൻ : കവടിയാർ ഹൗസ്, വെള്ളയമ്പലം
കാർ നമ്പർ – 8

എം.വി. ഗോവിന്ദൻ മാസ്റ്റർ : നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ – 9

കെ.എൻ. ബാലഗോപാൽ : പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -10

പി. രാജീവ് : ഉഷസ്സ്, നന്തൻകോട്
കാർ നമ്പർ -11

വി.എൻ. വാസവൻ : ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം
കാർ നമ്പർ -12

പി. പ്രസാദ് : ലിൻഡസ്റ്റ് ദേവസ്വം ബോർഡ് ജങ്ഷൻ, നന്തൻകോട്
കാർ നമ്പർ -13

ജെ. ചിഞ്ചുറാണി : അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -14

കെ.രാധാകൃഷ്ണൻ : എസെൻഡീൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -15

ശിവൻകുട്ടി : റോസ് ഹൗസ്, വഴുതക്കാട്
കാർ നമ്പർ -16

അഡ്വ. മുഹമ്മദ് റിയാസ് : പമ്പ, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
കാർ നമ്പർ -17

പ്രൊഫ. ആർ.ബിന്ദു : സാനഡു, വഴുതക്കാട്
കാർ നമ്പർ -18

അഡ്വ. ജി.ആർ. അനിൽ : അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം
കാർ നമ്പർ -19

വീണ ജോർജ് : നിള, കന്റോൺമെന്റ് ഹൗസിന് സമീപം പാളയം-20

വി. അബ്ദുറഹ്മാൻ :
കാർ നമ്പർ – 21

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ പൊലീസില്‍ വന്‍ അഴിച്ചുപണി. ലോക്‌നാഥ് ബെഹ്‌റ അടുത്ത മാസം വിരമിക്കാനിരിക്കെയാണ് പുതിയ പൊലീസ് മേധാവിയുമായി അടിമുടി മാറ്റത്തിന് ഡിപ്പാര്‍ട്ട്‌മെന്റ് കാത്തിരിക്കുന്നത്. രണ്ടാം വരവില്‍ പിണറായി സര്‍ക്കാരിന്റെ ആദ്യ ദൗത്യം പുതിയ പൊലീസ് മേധാവിയെ കണ്ടെത്തലാണ്. പിണറായി വിശ്വസ്തന്‍ ടോമിന്‍ തച്ചങ്കരിയും വിജിലന്‍സ് ഡയറക്ടര്‍ സുധേഷ്‌കുമാറുമാണ് തലപ്പെത്തെത്താന്‍ സാധ്യതാപട്ടികയിലുള്ളത്. മേധാവിയായി ആര് വന്നാലും അതോടെ സേനയാകെ അഴിച്ചുപണിയും. ഒന്ന്, രണ്ട് മാസത്തിനുള്ളില് പൊലീസില്‍ സമ്പൂര്‍ണമാറ്റമുണ്ടാവും. മാത്രമല്ല, ബെഹ്‌റ ഉപദേഷ്ടാവാകുമെന്ന് അഭ്യൂഹമുണ്ട്.

തിരുവനന്തപുരം: അധ്യക്ഷനേയും പ്രതിപക്ഷനേതാവിനേയും തിരഞ്ഞെടുക്കാന്‍ അനിശ്ചിതത്വം നേരിട്ട കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ലീഗ് മുഖപത്രം. ദേശീയതലത്തില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ നിലനിന്ന അനിശ്ചിതത്വം ഗുണം ചെയ്യില്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വിഡി സതീശന്‍ നേതൃസ്ഥാനത്തേക്കെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ കോണ്‍ഗ്രസ് പരീക്ഷിച്ച ഫോര്‍മുലയാണ് പുതുമുഖങ്ങളെ അണിനിരത്തി ഭരണം പിടിക്കുകയെന്നത്. എന്നാല്‍ താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ടത്ര നല്ല രീതിയില്ല. അത് പരിഹരിച്ച് നേതൃത്വം മാതൃക കാട്ടണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് സഹായിച്ച ഘടകങ്ങളെ പ്രയോജനപ്പെടുത്തുകയും കൂടുതല്‍ ജനങ്ങളിലേക്കിറങ്ങി കൂടുതല്‍് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ തിരിച്ചടിയെ മറികടക്കാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

തിരുവനന്തപുരം: അവസാനനിമിഷം വരെ തുടര്‍ന്ന ആശങ്കകള്‍ക്കൊടുവില്‍ വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സതീശനെ പിന്തുണയ്ക്കുകയായിരുന്നു. ലീഗും പരോക്ഷ പിന്തുണയറിയിച്ചതോടെ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുകയായിരുന്നു. സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനനേതാക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും നേരിട്ട്, കാര്യങ്ങള്‍ വിശദീകരിച്ച് സാഹചര്യം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന. എന്നാല്‍ ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ പിന്തുണച്ച് നില്‍ക്കുകയായിരുന്നു. സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു.കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നും യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതോടെയാണ് വി ഡി സതീശന്റെ കാര്യത്തില്‍ തീരുമാനമുണ്ടായത്.

തിരുവനന്തപുരം: രാജ്യത്ത് ഒരു ദിവസത്തെ കോവിഡ് കേസുകള്‍ ഏകദേശം രണ്ടരലക്ഷമാണെന്നും മരണസംഖ്യ 3700 ന് അടുത്തെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയരുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍്, ഓക്‌സിജന്‍് ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കളക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില് കോവിഡ് വ്യാപിക്കുകയെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. തൊഴിലിടങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍്ത്താ സമ്മേളനത്തില്‍ പറഞ്ഞു.