തിരുവനന്തപുരം: പാല്‍ സംഭരണ പ്രതിസന്ധിക്ക് പരിഹാരം. തിങ്കളാഴ്ച മുതല്‍ 100 ശതമാനം പാലും സംഭരിക്കാന്‍ തീരുമാനിച്ചതായും സംഭരണം ഊര്‍ജിതമാക്കാന്‍ മൂന്ന് ക്ഷീര സഹകരണ യൂണിയനുകള്‍ക്കും നിര്‍ദേശം നല്‍കിയതായും ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. അധികമായി സംഭരിക്കുന്ന പാല്‍ അംഗനവാടികള്‍, ഡൊമിസിലിയറി കെയര്‍ സെന്റര്‍, കോവിഡ് ഫസ്റ്റ്‌ലെയിന്‍ ട്രീറ്റ് മെന്റ് സെന്റര്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, ആദിവാസി കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യും. കൂടാതെ, കൂടുതല്‍ പാല്‍ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാല്‍പ്പൊടി ഫാക്ടറികളില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയ്യാറാക്കി. കോവിഡും ലോക്ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പാല്‍ സംഭരണത്തിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
2021-05-22

