നല്ലൊരു നിയമസഭാ സാമാജികനാണ് സതീശൻ;അഭിനന്ദനവുമായി മുല്ലപ്പളളി രാമചന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ അഭിനന്ദിക്കുന്നുവെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. നല്ലൊരു നിയമസഭാ സാമാജികനാണ് സതീശൻ. ഹൈക്കമാൻഡിനോട് കൂറും അച്ചടക്കവുമുളള ഒരാളാണ് താൻ. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും താൻ അനുസരിക്കും. പിണറായിയെ മുൾമുനയിൽ നിർത്തിയ പല അഴിമതികളും കൊണ്ടുവന്നത് ചെന്നിത്തലയാണ്.

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി അദ്ദേഹത്തെ ചരിത്രം വിലയിരുത്തുമെന്നും മുല്ലപ്പളളി പറഞ്ഞു.രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്‌ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ യശസ് ഉയർത്തി പിടിക്കാൻ രമേശ് ചെന്നിത്തല വലിയ തോതിൽ പ്രവർത്തിച്ചു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം നിയമസഭാ സ്‌പീക്കറെ ഉടൻ അറിയിക്കും. പാർട്ടിയിൽ അഴിച്ചുപണി വേണമോയെന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. എത്രയും വേഗം തീരുമാനമെടുക്കണമെന്നും മുല്ലപ്പളളി കൂട്ടിച്ചേർത്തു.