തിരുവനന്തപുരം: അവസാനനിമിഷം വരെ തുടര്‍ന്ന ആശങ്കകള്‍ക്കൊടുവില്‍ വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സതീശനെ പിന്തുണയ്ക്കുകയായിരുന്നു. ലീഗും പരോക്ഷ പിന്തുണയറിയിച്ചതോടെ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുകയായിരുന്നു. സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനനേതാക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും നേരിട്ട്, കാര്യങ്ങള്‍ വിശദീകരിച്ച് സാഹചര്യം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന. എന്നാല്‍ ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ പിന്തുണച്ച് നില്‍ക്കുകയായിരുന്നു. സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു.കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നും യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതോടെയാണ് വി ഡി സതീശന്റെ കാര്യത്തില്‍ തീരുമാനമുണ്ടായത്.
2021-05-22

