Politics (Page 487)

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലടക്കമായിരുന്നു അന്വേഷണം. ഇതിന് ശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.

കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോ എന്ന് വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്.

തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയ വിഷയത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെ ടി ജലീൽ. തന്നെ കേൾക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസിൽ വിധി പറഞ്ഞതെന്നും അത്‌കൊണ്ട് എനിക്ക് പറയാനുള്ളത് കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചതെന്ന് കെ ടി ജലീൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാൽ തന്നെ പ്രസ്തുത വിധിയിൽ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ നൽകിയ ഹർജി പിൻവലിച്ചത്. ലോകായുക്ത വിധിയുടെ നാൾവഴികളെ കുറിച്ച് ചിലത് പറയാനുണ്ട്. വിശദമായി അത് പിന്നീട് പറയാമെന്നും ജലീൽ വ്യക്തമാക്കുന്നു.

നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്‌ക്രീം പാർലർ കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്. 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നിയമനം.
ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാൾ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യുമെന്നും ക്ഷമയോടെ കാത്തിരിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

എന്നെ കേൾക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസിൽ വിധി പറഞ്ഞതെന്നും അത്‌കൊണ്ട് എനിക്ക് പറയാനുള്ളത് കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചത്. എന്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാൽ തന്നെ പ്രസ്തുത വിധിയിൽ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ നൽകിയ ഹർജി പിൻവലിച്ചത്.

ലോകായുക്ത വിധിയുടെ നാൾവഴികളെ കുറിച്ച് ചിലത് പറയാനുണ്ട്. വിശദമായി അത് പിന്നീട് പറയാം.

നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്‌ക്രീം പാർലർ കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്. 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നിയമനം.
ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാൾ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക.

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടിയുമായി ബന്ധപ്പെട്ടു വഹിച്ചിരുന്ന വിവിധ സ്ഥാനങ്ങളില്‍ നിന്നു രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ പദവികളില്‍നിന്നാണ് രാജിവെച്ചത്. കെ. കരുണാകരന്‍ ഫൗണ്ടേഷനില്‍നിന്നും രാജിവച്ചു.

ജയ് ഹിന്ദ് പ്രസിഡന്റ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മൂന്നുസ്ഥാപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കും.

കഴിഞ്ഞ മെയ് 24 നാണ് ചെന്നിത്തല രാജി നല്‍കിയത്. കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളില്‍ തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല രാജിക്കു പിന്നിലെന്നാണ് ചെന്നിത്തല വിശദീകരിക്കുന്നത്.

ചെന്നിത്തലയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. ഈ സ്ഥാപനങ്ങളില്‍ കോടികളുടെ ബാധ്യത ഉണ്ടെന്നും ഓഡിറ്റ് കഴിഞ്ഞതിന് ശേഷം മാത്രം രാജി അംഗീകരിച്ചാല്‍ മതിയെന്നുമാണ് കെപിസി നിര്‍ദ്ദേശം. എങ്ങനെയാണ് ഇത്രയും ബാധ്യതകള്‍ വന്നിരിക്കുന്നതെന്നും ചാനലിന്റേയും പത്രത്തിന്റേയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തിലാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്പെഷ്യല്‍ ഓഡിറ്ററെ വെച്ച് പരിശോധിക്കും.

എന്നാല്‍, ഒരു സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നയാള്‍ ആ സ്ഥാപനത്തിന് വന്നിരിക്കുന്ന ബാധ്യത സംബന്ധിച്ചുള്ള വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥനാണെന്നാണ് പാര്‍ട്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്.

ന്യൂഡല്‍ഹി: ഭരണഘടന സംരക്ഷിക്കാനാണ് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കനയ്യ കുമാര്‍. സിപിഐയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നും, ആരെയും ആക്ഷേപിക്കാനില്ലെന്നും കനയ്യ കുമാര്‍ വ്യക്തമാക്കി.

തന്റെ ജനനവും വളര്‍ച്ചയും സിപിഐയില്‍ തന്നയായിരുന്നു. ഇപ്പോള്‍ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണ്, നിലവിലെ സാഹചര്യത്തില്‍ ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് സിപിഐയുടെ യുവ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഔദ്യോഗിക പ്രവേശം അറിയിച്ചിട്ടില്ല.

രാഹുല്‍ഗാന്ധിക്കൊപ്പം ഷഹീദ് പാര്‍ക്കിലെ ഭഗത് സിംഗ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ അണി ചേര്‍ന്നത്.

കൊച്ചി: കെ സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിലാണ് കെ സുധാകരന് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. ഒരു ഫോട്ടോയുടെ പേരിൽ കെ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

രാഷ്ട്രീയ നേതാക്കൾ ഓരോ സ്ഥലത്തും പോകുമ്പോൾ ആളുകൾ ഫോട്ടോയെടുക്കാൻ വരാറുണ്ട്. അവർ പിൽക്കാലത്ത് ഏതെങ്കിലും കേസിൽ അകപ്പെടുമ്പോൾ രാഷ്ട്രീയ നേതാക്കളെ കുറ്റപ്പെടുത്തരുത്. അത്തരത്തിൽ ആരെയും വേട്ടയാടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കേസിൽ സിബിഐ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂവെന്ന് ബെന്നി ബഹന്നാൻ വ്യക്തമാക്കി. സത്യം പുറത്ത് വരണമെങ്കിൽ കേന്ദ്ര അന്വേഷണം വേണമെന്നാണ് അദ്ദേഹം പറയുന്നത്. തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനും പരാതിക്കാരനായ അനൂപിനെതിരെയും പരാതി നൽകാനാണ് സുധാകരന്റെ നീക്കമെന്നാണ് റിപ്പോർട്ട്.

ന്യൂഡൽഹി: കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങളിലുള്ള നിരാശ പങ്കുവെച്ച് മുതിർന്ന നേതാവ് പി ചിദംബരം. പാർട്ടി ഫോറങ്ങളിൽ അർഥപൂർണമായ സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയാതിരിക്കുമ്പോൾ നിസ്സാഹയത തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സഹപ്രവർത്തകനും എം.പിയുമായ ഒരാളുടെ വീടിനു പുറത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് കാണുമ്പോൾ മനോവേദനയും നിസ്സഹായതയും അനുഭവപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരാൾക്ക് പിൻവലിയാൻ യോജിക്കുന്ന സുരക്ഷിതമായ ഇടം നിശ്ശബ്ദതയാണെന്നു തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന നേതാവ് കപിൽ സിബലിന്റെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് കപിൽ സിബലിന്റെ വീടിനു പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

മഞ്ചേരി: പി വി അൻവർ എംഎൽഎയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായാണ് ക്രൈംബ്രാഞ്ചിന്റെ ഇടക്കാല അന്വേഷണ റിപ്പോർട്ട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി വി അൻവറിന് വിൽപന നടത്തിയ കാസർകോട് സ്വദേശി കെ. ഇബ്രാഹിമിൽ നിന്നും ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തിയിരുന്നു.

ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു പി വി അൻവറിന്റെ അവകാശവാദം. ക്രയവിക്രയ അവകാശമുണ്ടെന്ന് പറഞ്ഞാണ് പി വി അൻവർ പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ, ക്രഷർ സർക്കാരിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിം നൽകിയിരിക്കുന്ന മൊഴി.

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ ഫലം കാണുന്നു. പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺസിംഗ് ചന്നി നടത്തിയ ചർച്ചയിൽ പുരോഗതി ഉണ്ടായതായാണ് വിവരം. സിദ്ദു മുന്നോട്ടു വച്ച ആവശ്യങ്ങളിൽ ചിലത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡി.ജി.പി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് സൂചനകൾ. സിദ്ദു രാജി പിൻവലിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

അതേ സമയം മന്ത്രിമാരെ മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ആഭ്യന്തര വകുപ്പിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തന്റെ അനുയായികളായ എം.എൽ.എമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ നിന്നും സിദ്ദുവിനെ എ.ഐ.സി.സി നേതൃത്വം പൂർണമായും മാറ്റി നിർത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിദ്ദു പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചത്.

ന്യൂഡൽഹി: മുതിർന്ന നേതാവ് കപിൽ സിബലിന് പിന്തുണ അറിയിച്ച് ശശി തരൂർ എംപി. കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച കപിൽ സിബലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ശശി തരൂർ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. കപിൽ സിബലിനെതിരായ പ്രതിഷേധം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. കപിൽ സിബലിന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ടായാലും അദ്ദേഹത്തെ കേൾക്കാൻ തയാറാകണമെന്ന് തരൂർ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതു ലജ്ജാകരമാണ്. കപിൽ സിബൽ യഥാർഥ കോൺഗ്രസുകാരനാണെന്നു നമുക്കെല്ലാം അറിയാം. ഇന്ത്യൻ നാഷനൽ കോൺഗ്രസിനായി കോടതിയിൽ ഒട്ടേറെ കേസുകൾ വാദിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ അദ്ദേഹത്തിനു പറയാനുള്ളത് എന്താണെന്നു നാം കേൾക്കണം. ആവശ്യമെങ്കിൽ അതിനോടു വിയോജിക്കാം. പക്ഷേ ഇങ്ങനെയല്ല വേണ്ടതെന്നും ബിജെപിയെ നേരിടുന്നതിനായി നമ്മെ കൂടുതൽ കരുത്തുറ്റതാക്കുകയാണു വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കപിൽ സിബൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പ്രസിഡന്റ് ഇല്ലാതെ പാർട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

തങ്ങളുടെ പാർട്ടിയിൽ പ്രസിഡന്റ് ഇല്ല. അതുകൊണ്ടു തന്നെ ആരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് തങ്ങൾക്ക് അറിയുകയില്ല. ഞങ്ങൾക്കറിയാം, എന്നാലും അറിയില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമർശനം. പഞ്ചാബ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉദ്ദേശിച്ചായിരുന്നു സിബലിന്റെ പരാമർശങ്ങളെന്നാണ് റിപ്പോർട്ട്. തങ്ങൾ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ ‘ജി ഹുസൂർ-23’ (ശരി അങ്ങുന്നേ) അല്ലെന്നും കബിൽ സിബൽ വ്യക്തമാക്കിയിരുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മമത ബാനർജിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഉപതെരഞ്ഞെടുപ്പാണിത്. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി തുടരണമെങ്കിൽ മമത ബാനർജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കണം.

രാവിലെ ഏഴു മണിയ്ക്കാണ് ബംഗാളിൽ പോളിങ് ആരംഭിച്ചത്. ഒക്ടോബർ മൂന്നിന് വോട്ടെണ്ണൽ നടക്കും. ഉപതെരഞ്ഞെടുപ്പിൽ വിയിച്ച് നിയമസഭയിലെത്തിയാൽ മമത ബാനർജിയ്ക്ക് മുഖ്യമന്ത്രിയായി തുടരാം. തൃണമൂൽ കോൺഗ്രസ് എംഎൽഎയായ ശോഭൻദേബ് ചട്ടോപധ്യായാണ് മമതയ്ക്ക് മത്സരിക്കാനായി രാജിവെച്ചത്. ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാർത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്ക്കെതിരെ മത്സരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭവനിപൂരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് മുതൽ പോളിങ് ബൂത്തുകളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനാണ് നിരോധനം. സുരക്ഷാനടപടികളുടെ ഭാഗമായി 35 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പോളിങ് സ്റ്റേഷനുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് സർക്കാർ.