ഒരു ഫോട്ടോയുടെ പേരിൽ കെ സുധാകരനെ അനാവശ്യമായി വേട്ടയാടുന്നു; പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി: കെ സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിലാണ് കെ സുധാകരന് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. ഒരു ഫോട്ടോയുടെ പേരിൽ കെ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

രാഷ്ട്രീയ നേതാക്കൾ ഓരോ സ്ഥലത്തും പോകുമ്പോൾ ആളുകൾ ഫോട്ടോയെടുക്കാൻ വരാറുണ്ട്. അവർ പിൽക്കാലത്ത് ഏതെങ്കിലും കേസിൽ അകപ്പെടുമ്പോൾ രാഷ്ട്രീയ നേതാക്കളെ കുറ്റപ്പെടുത്തരുത്. അത്തരത്തിൽ ആരെയും വേട്ടയാടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കേസിൽ സിബിഐ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂവെന്ന് ബെന്നി ബഹന്നാൻ വ്യക്തമാക്കി. സത്യം പുറത്ത് വരണമെങ്കിൽ കേന്ദ്ര അന്വേഷണം വേണമെന്നാണ് അദ്ദേഹം പറയുന്നത്. തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനും പരാതിക്കാരനായ അനൂപിനെതിരെയും പരാതി നൽകാനാണ് സുധാകരന്റെ നീക്കമെന്നാണ് റിപ്പോർട്ട്.