പഞ്ചാബിൽ കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ ഫലം കാണുന്നു; സിദ്ദു രാജി പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ ഫലം കാണുന്നു. പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺസിംഗ് ചന്നി നടത്തിയ ചർച്ചയിൽ പുരോഗതി ഉണ്ടായതായാണ് വിവരം. സിദ്ദു മുന്നോട്ടു വച്ച ആവശ്യങ്ങളിൽ ചിലത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡി.ജി.പി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് സൂചനകൾ. സിദ്ദു രാജി പിൻവലിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

അതേ സമയം മന്ത്രിമാരെ മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ആഭ്യന്തര വകുപ്പിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തന്റെ അനുയായികളായ എം.എൽ.എമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ നിന്നും സിദ്ദുവിനെ എ.ഐ.സി.സി നേതൃത്വം പൂർണമായും മാറ്റി നിർത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിദ്ദു പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചത്.