ന്യൂഡൽഹി: കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങളിലുള്ള നിരാശ പങ്കുവെച്ച് മുതിർന്ന നേതാവ് പി ചിദംബരം. പാർട്ടി ഫോറങ്ങളിൽ അർഥപൂർണമായ സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയാതിരിക്കുമ്പോൾ നിസ്സാഹയത തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സഹപ്രവർത്തകനും എം.പിയുമായ ഒരാളുടെ വീടിനു പുറത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് കാണുമ്പോൾ മനോവേദനയും നിസ്സഹായതയും അനുഭവപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരാൾക്ക് പിൻവലിയാൻ യോജിക്കുന്ന സുരക്ഷിതമായ ഇടം നിശ്ശബ്ദതയാണെന്നു തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് കപിൽ സിബലിന്റെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് കപിൽ സിബലിന്റെ വീടിനു പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

