പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ്; മമത ബാനർജിയ്ക്ക് ഇത് നിർണായക ദിനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മമത ബാനർജിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഉപതെരഞ്ഞെടുപ്പാണിത്. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി തുടരണമെങ്കിൽ മമത ബാനർജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കണം.

രാവിലെ ഏഴു മണിയ്ക്കാണ് ബംഗാളിൽ പോളിങ് ആരംഭിച്ചത്. ഒക്ടോബർ മൂന്നിന് വോട്ടെണ്ണൽ നടക്കും. ഉപതെരഞ്ഞെടുപ്പിൽ വിയിച്ച് നിയമസഭയിലെത്തിയാൽ മമത ബാനർജിയ്ക്ക് മുഖ്യമന്ത്രിയായി തുടരാം. തൃണമൂൽ കോൺഗ്രസ് എംഎൽഎയായ ശോഭൻദേബ് ചട്ടോപധ്യായാണ് മമതയ്ക്ക് മത്സരിക്കാനായി രാജിവെച്ചത്. ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാർത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്ക്കെതിരെ മത്സരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭവനിപൂരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് മുതൽ പോളിങ് ബൂത്തുകളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനാണ് നിരോധനം. സുരക്ഷാനടപടികളുടെ ഭാഗമായി 35 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പോളിങ് സ്റ്റേഷനുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് സർക്കാർ.