തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലടക്കമായിരുന്നു അന്വേഷണം. ഇതിന് ശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.
കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോ എന്ന് വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്.

