Politics (Page 484)

തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മാസങ്ങളായി കേരളത്തിലില്ലാതിരുന്ന അന്‍വര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ അന്‍വര്‍ രാജിവെച്ച് പുറത്തു പോകണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ എംഎല്‍എ ആയിരിക്കേണ്ട കാര്യമില്ലെന്ന് സതീശന്‍ പറഞ്ഞു. രാജിവെച്ചു പോകുന്നതാണ് അന്‍വറിനു നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് എല്‍ഡിഎഫ് എംഎല്‍എയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ ആക്രമണം. ഇതുവരെ അഞ്ച് ദിവസം മാത്രമാണ് അന്‍വര്‍ സഭയിലെത്തിയതെന്നും അന്‍വര്‍ സഭയില്‍ ഹാജരാകാതിരിക്കുന്നതിനു അവധി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആരോഗ്യകാരണങ്ങള്‍ മൂലമാണ് സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെങ്കില്‍ അതു മനസ്സിലാക്കാമെന്നും വിഡി സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ സമ്മേളനത്തിലും ഒരു ദിവസം പോലും പി.വി. അന്‍വര്‍ പങ്കെടുത്തിരുന്നില്ല. അവധി അപേക്ഷ പോലും നല്‍കാതെയാണ് ഈ വിട്ടു നില്‍ക്കല്‍ എന്ന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

തൃശൂര്‍: ഗുരുവായൂരില്‍ ഭക്തരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ വിമര്‍ശനവുമായി ബിജെപി. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഫീസ് പിരിച്ചാല്‍ ചെയര്‍മാന് പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലുള്ള സമരം സംഘടിപ്പിക്കുമെന്നാണ് ബി ജെ പി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.

ഗുരുവായൂരിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങിനായുള്ള ബഹുനില സമുച്ചയം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാര്‍ പ്രസാദ് പദ്ധതി പ്രകാരം ഗ്രാന്റായി നല്‍കിയ കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ്. സൗജന്യമായി കിട്ടിയ തുക ഉപയോഗിച്ച് നിര്‍മിച്ച ഇവിടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് 30 രൂപയാണ്. ഇത് ദേവസ്വമാണ് പിരിച്ചെടുക്കുന്നത്. ഇത് അനുവദിക്കില്ല. ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തേണ്ട ദേവസ്വം ഭക്തരെ പിഴിയുകയാണ് ഇത് തുടര്‍ന്നാല്‍ ചെയര്‍മാനെ വഴിയില്‍ തടഞ്ഞ് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ജനാധിപത്യ രീതിയിലുള്ള സമരം ആരംഭിക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍ അറിയിച്ചു.

അതേസമയം, കെട്ടിടം നിര്‍മിച്ചത് തങ്ങളുടെ സ്ഥലത്താണെന്നാണ് ദേവസ്വം അധികൃതരുടെ വാദം. ആദ്യം അവിടെ പാര്‍ക്കിങ്ങ് ഫീസ് വാങ്ങി ദേവസ്വം പാര്‍ക്കിങ്ങ് നടത്തിയിരുന്ന സ്ഥലമാണ്. ജീവനക്കാരുടെ ശമ്പളം, കറണ്ട് ചാര്‍ജ് തുടങ്ങി പ്രതിമാസം വലിയ തുക ചെലവാകുന്നുണ്ട്. അതുകൊണ്ടാണ് ചെറിയ ഫീസായ 30 രൂപ ഭക്തരില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചത് എന്നാണ് ദേവസ്വം അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നത് രണ്ട് മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരോധനാജ്ഞ വിലക്കുന്നത് അഞ്ചിലധികം പേര്‍ കൂടുന്നതിനെയാണെന്നും, മൂന്ന് പേര്‍ക്ക് പോകാന്‍ അനുമതി ചോദിച്ച് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഇപ്പോഴുമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് തന്റെ യാത്രയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, രാജ്യത്ത് ഇപ്പോള്‍ ഏകാധിപത്യമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തുടരുകയാണ്. കര്‍ഷകരെ കൊന്നിട്ടും നടപടിയില്ല. മന്ത്രിയേയും പുത്രനെയും ബി ജെ പി സംരക്ഷിക്കുന്നു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തലാണ് പ്രതിപക്ഷത്തിന്റെ ജോലി. എന്നാല്‍ അതുണ്ടാകരുതെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തനിക്കും പ്രിയങ്കയ്ക്കും നേരെയുള്ള ആക്രമണം കാര്യമാക്കുന്നില്ല. കാരണം ഇത് കര്‍ഷകരുടെ വിഷയമാണ്. കര്‍ഷകരുടെ ശക്തി തിരിച്ചറിയാത്തവരാണ് ബി ജെ പി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗവിലെത്തിയിട്ടും ലഖിംപൂരില്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. ലഖിംപൂർ സന്ദർശനത്തിനെത്തിയപ്പോഴാണ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചത്. ലഖിംപൂർ സംഭവങ്ങളെ ജാലിയൻവാലാ ബാഗ് കൂട്ടകൊലയുമായാണ് ചന്നി ഉപമിച്ചിരിക്കുന്നത്.

കർഷകരെ കൂട്ടകൊല ചെയ്തവർ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കുമ്പോൾ, കർഷകരെ പിന്തുണയ്ക്കാൻ എത്തിയ പ്രിയങ്കാ ഗാന്ധിയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രിയങ്കയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങളെ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം നാലു കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഉത്തർപ്രദേശ് സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. നടന്നുപോകുന്ന കർഷകരുടെ ഇടയിലേക്ക് പിന്നിൽ നിന്ന് കേന്ദ്രമന്ത്രിയുടെ മകന്റെ പേരിലുള്ള വാഹനം പാഞ്ഞുകയറുന്നതാണ് ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. 29 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ ഒന്നിനു പുറകേ ഒന്നായി രണ്ടു വാഹനങ്ങൾ കർഷകർക്കിടയിലേക്ക് പാഞ്ഞു കയറുന്നത് കാണാം. സമരക്കാരിൽ ചിലർ പകർത്തിയ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

ന്യൂഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശങ്ങളെ തള്ളി പാർട്ടി ദേശീയ നേതൃത്വം. ഡി രാജയ്ക്കെതിരായുള്ള കാനത്തിന്റെ പരസ്യ പരാമർശത്തെ അപലപിച്ച് സിപിഐ ദേശീയ നിർവാഹക സമിതി രംഗത്തെത്തി. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അംഗീകരിക്കില്ലെന്നും പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. നിർവാഹക സമിതി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആനി രാജയ്ക്ക് ഡി രാജ പിന്തുണ അറിയിക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോലീസിന്റെ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഏത് വിഷയങ്ങളിലും അഭിപ്രായം പറയാൻ സിപിഐ ദേശീയ നേതാക്കൾക്ക് സ്വാന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരും പാർട്ടിക്ക് മുകളിലല്ല. പാർട്ടിയാണ് വലുതെന്നും പാർട്ടിയുടെ അച്ചടക്കത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും രാജ വിശദമാക്കി.

ദേശീയ എക്സിക്യൂട്ടിവ് അംഗമായ ആനി രാജ നേരത്തെ സംസ്ഥാന പോലീസിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് തർക്കങ്ങൾ ഉണ്ടായത്. ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കേണ്ടത് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ നിലപാട്. എന്നാൽ ഡി രാജ കാനത്തിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഡി രാജയ്‌ക്കെതിരെ കാനം വിമർശനം ഉന്നയിച്ചത്.

ന്യൂഡൽഹി: നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള സിദ്ദുവിന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി. പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള നവ്ജ്യോത് സിങ് സിദ്ദുവിന്റെ രാജി കോൺഗ്രസ് നേതൃത്വം അംഗീകരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്ന നിലപാടെന്നാണ് വിവരം. രൺവീത് സിങ് ബിട്ടുവിനെ പിസിസി അദ്ധ്യക്ഷനായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സെപ്തംബർ മാസം 28 നാണ് സിദ്ദു പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. സിദ്ദുവിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് പാർട്ടി പുതിയ നീക്കങ്ങൾ നടത്താൻ പദ്ധതിയിടുന്നത്. മനീഷ് തിവാരി, പ്രതാപ് സിങ് ബജ്വ എന്നിവരുടെ പേരുകളും പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി ചരൺസിംഗ് ചന്നി കഴിഞ്ഞ ദിവസം സിദ്ദുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡി.ജി.പി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് അദ്ദേഹം സിദ്ദുവിന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. പിന്നീട് സിദ്ദുവിന്റെ ആവശ്യം ചന്നി ഹൈക്കമാൻഡിനെ അറിയിച്ചു. എന്നാൽ സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്നുള്ള നിലപാടിലാണ് ഹൈക്കമാൻഡ്. അതുകൊണ്ട് സിദ്ദുവിന്റെ രാജി അംഗീകരിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്നാണ് പാർട്ടി ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സംഭവത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തു. 30 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. പ്രിയങ്ക നിലവില്‍ താമസിക്കുന്ന ലക്‌നൗവിലെ വീട് താല്‍ക്കാലിക ജയിലാക്കുമെന്നാണു വിവരം.

പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു.

അതിനിടെ ലഖിംപുര്‍ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു. മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കര്‍ഷകര്‍ കൊല്ലപ്പെട്ട ലംഖിപുര്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് സീതാപുരിലെ ഹര്‍ഗാവിലെ ഗെസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ച പ്രിയങ്കയെ നിരാഹാര സമരത്തിലായിരുന്നു.

കോഴിക്കോട്: മോൻസൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ എംപി. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയ ഫണ്ട് തട്ടിപ്പിലും സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടു കത്തയക്കാൻ സർക്കാരിനെ മുരളീധരൻ വെല്ലുവിളിക്കുകയും ചെയ്തു. പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോൻസന് പാസ്‌പോർട്ട് ഇല്ലെന്നു കേട്ട പാതി പോലീസ് വിശ്വസിച്ചുു. ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം വേണം. മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിന്റെ അന്വേഷണത്തിൽ ശ്രീജിത്തിന്റെ മേൽനോട്ടം എന്തിനാണ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന ഒരന്വേഷണവും ഫലപ്രദമല്ല. കോൺഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിലെ കണ്ണിയാണ് മോൻസൻ. പുരാവസ്തു തട്ടിപ്പ് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു പ്രളയകാലത്തും കൂടി എത്ര രൂപ എത്തിയെന്നോ ഇതിലെത്ര രൂപ ചെലവിട്ടെന്നോ എന്തെങ്കിലും കണക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ല. കട്ട പണം തിരിച്ചു കൊടുത്താൽ എല്ലാം ശരിയാവുമെങ്കിൽ പിന്നെന്തിനാണ് ജയിൽ. രണ്ടാം പിണറായി സർക്കാർ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സർക്കാരാണ്. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയൊക്കെ ഹൈടെക്ക് തട്ടിപ്പാണ്. കോൺഗ്രസിൽ നിന്നും കുറച്ച് പേർ കൂടി പോകാനുണ്ട് അതോടെ എല്ലാ ശരിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി. അഞ്ച് ജില്ലാ പ്രസഡിന്റുമാരെ മാറ്റി. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റമില്ല. നടന്‍ കൃഷ്ണകുമാര്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായി.

സംസ്ഥാന സെക്രട്ടറിമാരില്‍ ചിലര്‍ക്ക് ഉപാധ്യക്ഷന്മാരായി സ്ഥാനക്കയറ്റം ലഭിച്ചു. ബി.ഗോപാലകൃഷ്ണന്‍, പി രഘുനാഥ്, സി ശിവന്‍കുട്ടി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി. കെ.ശ്രീകാന്ത്, ജെ.ആര്‍ പത്മകുമാര്‍, രേണു സുരേഷ്, പന്തളം പ്രതാപന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരായി. ഇ.കൃഷ്ണകുമാരാണ് ട്രെഷറര്‍.

കെ.വിഎസ് ഹരിദാസ്, സന്ദീപ് വചസ്പതി എന്നിവരാണ് സംസ്ഥാന വക്താക്കള്‍. ജയരാജ് കൈമളാണ് ഓഫീസ് സെക്രട്ടറി. കൃഷ്ണ കുമാറിനെ കൂടാതെ എംഎസ് സമ്പൂര്‍ണ്ണ, ജി.രാമന്‍ നായര്‍, ജി.ഗിരീശന്‍, എന്നിവരെ ദേശീയ കൗണ്‍സില്‍ അംഗങ്ങളാക്കി.

തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ വേണ്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റിയംഗങ്ങള്‍ വിവിധ ജില്ലകളില്‍ പോയി പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ഉള്‍പ്പെടെ അഭിപ്രായം ശേഖരിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മോന്‍സണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്നും, മോന്‍സണിന്റെ വീട്ടില്‍ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും, ഡിജിപി സന്ദര്‍ശിച്ച ശേഷം മോന്‍സണിനെപ്പറ്റി അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യത്തിനായുള്ള മോന്‍സണിന്റെ നീക്കം പൊലീസ് പ്രതിരോധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മോന്‍സന്റെ പുരാവസ്തുവിന്റെ ആധികാരികതയെക്കുറിച്ച് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു വകുപ്പ് എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പിന് പൊലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടില്ല. 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണ്. അന്വേഷണം എത്തേണ്ടവരില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. പി.ടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. തട്ടിപ്പുകാരനായിട്ടും മോന്‍സണിന്റെ വീട്ടില്‍ കാവല്‍ ഏര്‍പ്പെടുത്തിയെന്ന് പി.ടി തോമസ് സഭയില്‍ പറഞ്ഞു.

ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ച ശേഷമാണ് മോന്‍സണിന് സുരക്ഷ നല്‍കിയത്. ലോക കേരളസഭ പ്രതിനിധിയായി ഇറ്റലിയിലെ പ്രവാസി ഇടനിലക്കാരിയുണ്ടായിരുന്നുവെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി. അന്വേഷണം വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഐ.ജി കേസില്‍ ഇടപെട്ടുവെന്നും പി.ടി തോമസ് ആരോപിച്ചു.