ലഖിംപൂര്‍ സന്ദര്‍ശിക്കുന്നത് രണ്ട് മന്ത്രിമാര്‍ക്കൊപ്പം, നിരോധനാജ്ഞ വിലക്കുന്നത് അഞ്ചിലധികം പേര്‍ കൂടുന്നതിനെയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നത് രണ്ട് മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരോധനാജ്ഞ വിലക്കുന്നത് അഞ്ചിലധികം പേര്‍ കൂടുന്നതിനെയാണെന്നും, മൂന്ന് പേര്‍ക്ക് പോകാന്‍ അനുമതി ചോദിച്ച് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഇപ്പോഴുമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് തന്റെ യാത്രയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, രാജ്യത്ത് ഇപ്പോള്‍ ഏകാധിപത്യമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തുടരുകയാണ്. കര്‍ഷകരെ കൊന്നിട്ടും നടപടിയില്ല. മന്ത്രിയേയും പുത്രനെയും ബി ജെ പി സംരക്ഷിക്കുന്നു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തലാണ് പ്രതിപക്ഷത്തിന്റെ ജോലി. എന്നാല്‍ അതുണ്ടാകരുതെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തനിക്കും പ്രിയങ്കയ്ക്കും നേരെയുള്ള ആക്രമണം കാര്യമാക്കുന്നില്ല. കാരണം ഇത് കര്‍ഷകരുടെ വിഷയമാണ്. കര്‍ഷകരുടെ ശക്തി തിരിച്ചറിയാത്തവരാണ് ബി ജെ പി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗവിലെത്തിയിട്ടും ലഖിംപൂരില്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.