Politics (Page 483)

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമിവിഷയത്തില്‍ വനം വകുപ്പിനെതിരെ. കൈവശാവകാശ രേഖ നല്‍കാന്‍ ജില്ലാതല സമിതി തീരുമാനിച്ച 429 കേസുകളില്‍ വിയോജിച്ച മണ്ണാര്‍കാട് ഡിഎഫ്ഒയുടെ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു.

അതിനിടെ ജില്ലാ കളക്ടറുടെ പരാതിയില്‍ മണ്ണാര്‍കാട് ഡിഎഫ്ഒയെ തൃശൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ആദിവാസി ഭൂമി വിഷയത്തില്‍ പാലക്കാട് ജില്ലാ കളക്ടറും മണ്ണാര്‍കാട് ഡിഎഫ്ഒയും തമ്മില്‍ രണ്ടു വര്‍ഷമായി തുടരുന്ന പോരിലാണ് സിപിഎം വനം വകുപ്പിനെ തള്ളി രംഗത്തെത്തിയത്.

മണ്ണാര്‍കാട് റേഞ്ചിന് കീഴില്‍ വരുന്ന അട്ടപ്പാടി ഉള്‍പ്പെടുന്ന വനമേഖലയില്‍ 429 ആദിവാസികളുടെ കൈവശ അവകാശ അപേക്ഷയില്‍ വനം വകുപ്പ് പ്രശ്‌നമുണ്ടാക്കിയിരുന്നു. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ തല സമിതി തീരുമാനമെടുത്തശേഷമായിരുന്നു ഡിഎഫ്ഒയുടെ ഉടക്ക്. സംയുക്ത പരിശോധന നടത്താതെ കൈവശ രേഖ ഒപ്പിട്ടു നല്‍കില്ലെന്നായിരുന്നു ഡിഎഫ്ഒ കളക്ടറെ അറിയിച്ചത്.

എന്നാല്‍ രണ്ടുകൊല്ലത്തിനിടെ എട്ടുതവണ സംയുക്ത പരിശോധനയ്ക്ക് വിളിച്ചിട്ടും വനം വകുപ്പ് തയാറായില്ലെന്ന് കളക്ടറും തിരിച്ചടിച്ചു. റവന്യൂ മന്ത്രിക്ക് കളക്ടര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡിഎഫ്ഒ ജയപ്രകാശിനെ സ്ഥലം മാറ്റുകയും ചെയ്തു. സിപിഎം കൂടി വനം വകുപ്പിനെതിരെ രംഗത്തെത്തിയതോടെ പുതിയ ഡിഎഫ്ഒ എന്ത് നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല, പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ലെന്ന് ശോഭ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവും ശോഭ നടത്തിയിട്ടുണ്ട്. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും, ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം;

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാല്‍, ഞാന്‍ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ പല ദൗത്യങ്ങള്‍ ഏല്‍പ്പിച്ചു, അവ കലര്‍പ്പില്ലാത്ത സമര്‍പ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാന്‍ സേതുസമുദ്രം നിര്‍മിച്ചപ്പോള്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം. എന്നാല്‍, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ്.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി ജെ പി തന്നെ അധികാരത്തിൽ തുടരുമെന്ന് എ ബി പി – സി വോട്ടർ സർവേ. ഈ സംസ്ഥാനങ്ങളിൽ ഏറ്റവും അധികം തിരിച്ചടി നേരിടാൻ സാധ്യതയുള്ളത് കോൺഗ്രസിനാണെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു. പഞ്ചാബിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ബിജെപിയ്ക്കും കോൺഗ്രസിനും കനത്ത വെല്ലുവിളിയായി അംആദ്മി പാർട്ടി വരാനുള്ള സാദ്ധ്യതയുണ്ടെന്നും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ആം ആദ്മി പാർട്ടി ശക്തമായ മുന്നേറ്റം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശിൽ ബി ജെ പിക്ക് 41.3 ശതമാനം വോട്ടും സമാജ്വാദി പാർട്ടിക്ക് 32 ശതമാനം വോട്ടുമാണ് ലഭിക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ബി എസ് പിക്കും കോൺഗ്രസിനും യഥാക്രമം 15 ശതമാനവും ആറ് ശതമാനം വോട്ടും ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. ബിജെപിയ്ക്ക് 241 മുതൽ 249 സീറ്റുകളും സമാജ് വാദി പാർട്ടിക്ക് 130 മുതൽ 138 സീറ്റുകളുമാണ് ലഭിക്കുമെന്നും ബിഎസ്പിക്ക് 15 മുതൽ 19 സീറ്റുകളും കോൺഗ്രസിന് മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിലവിൽ ഉത്തർപ്രദേശിലെ ലഖിംപൂരിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്കു മുമ്പ് നടത്തിയ സർവേ ആയതിനാൽ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ഏതു രീതിയിൽ സ്വാധീനിക്കുമെന്നത് വ്യക്തമല്ല.

പഞ്ചാബ് നിയമസഭയിൽ 49 മുതൽ 55 സീറ്റുകൾ ആം ആദ്മിക്കും 30 മുതൽ 47 സീറ്റുകൾ കോൺഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിൽ 45 ശതമാനം വോട്ട് വിഹിതത്തോടെ ബി ജെ പി ഒരിക്കൽ കൂടി അധികാരത്തിലെത്തുമെന്നും സർവേ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് പറ്റിയ അമളിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജുമായി ചേർന്ന് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ശിവൻകുട്ടിയ്ക്ക് അമളി പിണഞ്ഞത്. ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടോ എന്നായിരുന്നു മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവിൽ സ്‌കൂളുകൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ സംശയം.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അബ്ദുറബ്ബ് ശിവൻകുട്ടിയെ ട്രോളി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിക്ക് പറ്റിയ പിഴവ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നുവെന്നും ആർക്കെങ്കിലും ഉപകാരപ്പെടുമെന്നുമുള്ള ക്യാപ്ഷനിൽ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് അബ്ദുറബ്ബ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്. വി ശിവൻകുട്ടിക്ക് ഒരു മറുപടി എന്ന നിലയിലാണ് ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഉൾപ്പെടെ മന്ത്രിയുടെ പരാമർശം വലിയ തോതിൽ ട്രോളുകളായിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ 97 നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.

നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ച പരിശോധിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. സ്ഥാനാർഥികൾക്ക് ദോഷകരമായി പ്രവർത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറി നിൽക്കുന്നതും വിലയിരുത്തിയാണ് കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ കെപിസിസി പ്രത്യേകം പരിശോധിക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചതെന്നാണ് സൂചനകൾ. നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും പാർട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് സുധാകരൻ പറയുന്നത്.

ഘടകകക്ഷികൾ മത്സരിച്ച നാല് സീറ്റുകളിലെയും കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച അഞ്ച് സീറ്റുകളിലെയും തോൽവി പ്രത്യേകം പരിശോധിക്കും. കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശ്ശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെ തോൽവിയും ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെ തോൽവിയുമാണ് പ്രത്യേകം പരിശോധിക്കുക. തോൽവി വിശദമായി വിലയിരുത്താൻ കെ മോഹൻകുമാർ, പിജെ ജോയി, കെപി ധനപാലൻ എന്നിവരെയാണ് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥൻ / നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രേഖകളുടെ / സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങൾ ലളിതമാക്കാനും അവ ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും.

മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:

പൗരന്മാർക്ക് വിവിധ സർട്ടിഫിക്കറ്റുകൾ / സേവനങ്ങൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും. അപേക്ഷകളിൽ അനുമതിനൽകുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സർക്കാർ സേവനങ്ങൾ പരമാവധി ഓൺലൈനാക്കാനുള്ള നടപടികൾക്കു പുറമെയാണ് ഇത്.

ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റു സർക്കാർ ഓഫീസുകളിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിഷ്‌കർഷിക്കാം. എന്നാൽ ഇവ ഏറ്റവും കുറഞ്ഞത് ഒരു വർഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് സർട്ടിഫിക്കറ്റിൽ ഇനി മുതൽ രേഖപ്പെടുത്തുകയില്ല.

ഇ.ഡബ്ല്യൂ.എസ്. സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ്, എസ്.സി – എസ്.ടി. വിഭാഗങ്ങൾക്ക് നിയമപ്രകാരം നൽകുന്ന സർട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള രീതി തുടരും. സേവനങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കിൽ ഭേദഗതി വരുത്തും.

കേരളത്തിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ തന്നെ നൽകും. എന്നാൽ, ഓൺലൈനായി സ്വീകരിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം.

ഇനി മുതൽ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്.

അപേക്ഷകന്റെ എസ്എസ്എൽസി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലാത്തപക്ഷം വില്ലേജ് ഓഫീസർ / തഹസിൽദാർ ഓൺലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. അപേക്ഷകൻ സത്യവാങ്മൂലം കൂടി സമർപ്പിക്കണം.

ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ‘ജീവൻ പ്രമാൺ’ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.

വൺ ആന്റ് സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനനസർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

അപേക്ഷകന്റെ റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽറേഷൻ കാർഡ് തന്നെ കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

തിരിച്ചറിയൽ രേഖയില്ലാത്ത പൗരന്മാർക്ക് ഗസറ്റഡ് ഓഫീസർ നൽകുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

അപേക്ഷകന്റെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ / തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ / അവരിലൊരാളുടെ എസ്.എസ്.എൽ.സി. ബുക്ക് / വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

ഭാര്യയുടെയും ഭർത്താവിന്റെയും എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കർഷിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കും.

ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകും. ഇതുവഴി ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാൻ കഴിയും. ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷൻ പൂർത്തീകരിച്ച്, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുൻകൂട്ടി അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകും.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്ന കാര്യം ഉപേക്ഷിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതു സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്നും, കെഎസ്ആര്‍ടിസി ഡിപ്പോകളും സ്റ്റാന്‍ഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്‌ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും ആന്റണി രാജു വ്യക്തമാക്കി. ബെവ്‌കോയുമായി ചര്‍ച്ച തുടരുന്നുവെന്ന് ആന്റണി രാജു രേഖാ മൂലം നിയമസഭയെ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയത്തില്‍ മാറ്റം വന്നു. ഇന്ന് മുതലാണ് സമയക്രമത്തില്‍ മാറ്റം വന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. രാവിലെ 11 മുതല്‍ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.

ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു.35 ഭാരവാഹികളെയും 50 പ്രത്യേക ക്ഷണിതാക്കളെയും 179 സ്ഥിരം ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയാണ് ദേശീയ സമിതി പുന:സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയിൽ തുടരും. മെട്രോമാൻ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ദേശീയ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തി. പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവായി സമിതിയിലുണ്ട്.

അതേസമയം അൽഫോൺസ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും ഒ രാജഗോപാലിനെയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് വിവരം. എ പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായി തുടരും. ടോം വടക്കനെ ദേശീയ വക്താവായും പുന:സംഘടനയിൽ ഉൾപ്പെടുത്തി. മലയാളിയായ അരവിന്ദ് മേനോൻ ബിജെപി ദേശീയ സെക്രട്ടറിയാകും.

80 അംഗങ്ങളാണ് ബിജെപി ദേശീയ നിർവാഹക സമിതിയിൽ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ തുടങ്ങിയവർ നിർവാഹക സമിതിയിൽ അംഗങ്ങളാണ്.

ന്യൂഡല്‍ഹി: ലഖിംപൂരിലെ കര്‍ഷകരുടെ മരണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ ബിജെപി എംപി വരുണ്‍ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയേയും 80 അംഗ ദേശീയ എക്‌സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കി ബിജെപി.

കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാവില്ലെന്ന് പറഞ്ഞ വരുണ്‍ ലഖിംപുരില്‍ കര്‍ഷകസംഘത്തിനു മേല്‍ വാഹനമിടിച്ചു കയറുന്ന ദൃശ്യങ്ങള്‍ വീണ്ടും ട്വിറ്ററില്‍ പങ്കിട്ടിരുന്നു. രണ്ടു ദിവസം മുന്‍പ് ട്വീറ്റ് ചെയ്ത വിഡിയോയുടെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങളാണ് ഇന്ന് വരുണ്‍ വീണ്ടും ട്വീറ്റ് ചെയ്തത്.

ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും നീതി ലഭ്യമാക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.

എന്നാല്‍ ഇപ്പോള്‍ ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്. ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയോട് ചുമതലയില്‍ തിരിച്ചു കയറാന്‍ ബിജെപി നിര്‍ദ്ദശിച്ചു.

ന്യൂഡൽഹി: ലഖിംപൂരിൽ കർകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംപി വരുൺ ഗാന്ധി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്ര ന്യായീകരണം തുടരുന്നതിനിടെയാണ് വിമർശവുമായി വരുൺ ഗാന്ധി രംഗത്തെത്തിയത്. കർഷകർക്ക് മേൽ വാഹനംഇടിച്ചു കേറ്റുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം.

ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുൺ ഗാന്ധി ആരോപിച്ചു. നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്തം ഏൽക്കണമെന്നും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഖിംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നേരത്തെയും വരുൺ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. ലഖിംപൂർ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് അദ്ദേഹം.

അതേസമയം ലഖിംപൂർ ഖേരി ആക്രമണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. സംഭവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷൻ. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.