ഇനി ബിജെപിയോടൊപ്പം; ശരത് കുമാറിന്റെ പാർട്ടി സമത്വ മക്കൾ കക്ഷി എൻഡിഎയിൽ ലയിച്ചു

ചെന്നൈ: തമിഴ്‌നടൻ ശരത് കുമാറിന്റെ പാർട്ടി സമത്വ മക്കൾ കക്ഷി എൻഡിഎയിൽ ലയിച്ചു. സമത്വ മക്കൽ കക്ഷി ബിജെപിയോടൊപ്പമാണെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇന്ന് നടന്നത് ഔദ്യോഗിക ലയനമാണ്. രാജ്യതാൽപര്യം കണക്കിലെടുത്താണ് ലയനം സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ശരത് കുമാർ വ്യക്തമാക്കി. ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചത് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണെന്ന് നേരത്തെ ശരത് കുമാർ പ്രതികരിച്ചിരുന്നു.

തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ശരത് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ കമൽ ഹാസനും വിജയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സജീവമാണ്.

ഇത്തവണ കമൽ ഹാസൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന നിലപാടിലാണ് കമൽ ഹാസൻ.