ചെന്നൈ: പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ വിമർശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്ന് വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകർക്കുന്ന പൗരത്വ ഭേദഗതി നിയമം പോലെയുള്ള ഒരു നിയമങ്ങളും നടപ്പാക്കരുത് എന്ന് വിജയ് ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത്രയും കാലം സിഎഎ ഫ്രീസറിൽ വച്ചതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭം മാത്രം മുന്നിൽ വച്ചാണ് ഇപ്പോൾ ഇത് പുറത്തെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുങ്ങുന്ന കപ്പലിനെ താങ്ങി നിർത്താൻ ഉള്ള ശ്രമമായേ ഇതിനെ കണക്കാക്കാൻ കഴിയൂ. മതവികാരം ഉണർത്തി തെരഞ്ഞെടുപ്പിൽ ലാഭം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

