സിഎഎ പൗരത്വത്തെ മതപരമാക്കുന്നതാണ്; ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി സിപിഎം പോളിറ്റ് ബ്യൂറോ. സിഎഎ പൗരത്വത്തെ മതപരമാക്കുന്നതാണെന്ന് സിപിഎം അറിയിച്ചു.

അയൽ രാജ്യങ്ങളിലെ മുസ്ലിം വിഭാഗത്തോട് വിവേചനപരമായാണ് ചട്ടങ്ങൾ ഉണ്ടാക്കിയത്. പൗരത്വ ഭേദഗതി നിയമം എൻആർസിയുമായി ബന്ധപ്പെട്ടതാണ്. പൗരത്വ നടപടികളിൽ നിന്ന് സംസ്ഥാന സർക്കാരുകൾ ഒഴിവാക്കപ്പെട്ടുവെന്നും സിപിഎം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇക്കാര്യം അറിയിച്ചത്.

അതേസമയം, പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കമാണിത്. ബിജെപിക്ക് എതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിനാകുന്നില്ല. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമാണ്.കേന്ദ്രത്തിനെതിരെ കേരളം നൽകിയ വായ്പാ പരിധി കേസിൽ നിർണായക നിലപാടാണ് സുപ്രീംകോടതിയിൽനിന്നും ഉണ്ടായത്. കോടതിയുടെ മൂന്ന് നിരീക്ഷണങ്ങളും സർക്കാരിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.