പിണറായി വിജയനെയോർത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ല; കെ സുധാകരൻ

കണ്ണൂർ: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മാസപ്പടിയായും വാർഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകൾ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സിപിഎം എന്ന പാർട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന്റെ ക്ഷേമപെൻഷനിൽനിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന പിണറായി വിജയനെയോർത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോൺഗ്രസിനെ അപമാനിച്ചു കൊണ്ട് പിണറായി പ്രസംഗിച്ചത്. എന്നാൽ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാർത്ഥി നിർണയം സമീപകാലത്തൊന്നും യുഡിഎഫിൽ ഉണ്ടായിട്ടില്ല. തൃശൂരിൽ ഇടതുപക്ഷ- ബിജെപി സഖ്യത്തെ കെ. മുരളീധരൻ ഒറ്റദിവസംകൊണ്ടാണ് പൊളിച്ചടുക്കിയത്. തന്റെ യോഗത്തിന് ആളില്ലെന്നു പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്കുള്ള വണ്ടികയറാൻ നിൽക്കുകയാണ്. ആലപ്പുഴയിൽ സിപിഎമ്മിന്റെ ഏക കനലിനെ കെ സി വേണുഗോപാൽ ഊതിക്കെടുത്തിക്കഴിഞ്ഞു. വടകരയിൽ കോൺഗ്രസിന്റെ യുവതുർക്കി ഷാഫി പറമ്പിൽ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. 20 മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി. ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഏറ്റവുമൊടുവിൽ സിദ്ധാർത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി. എകെജിയും പി കൃഷ്ണപിള്ളയും ഇഎംഎസും പകർന്നു തന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണിൽ കുഴിച്ചുമൂടിയെന്നും അദ്ദേഹം വിമർശിച്ചു.

തലകുത്തി നിന്നാൽ പോലും ബിജെപി കേരളത്തിൽ ഒരു സീറ്റിലും വിജയിക്കില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയൊരു നിലപാടെടുക്കാൻ സി.പി.എമ്മിനു സാധിക്കുമോ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പ്രവർത്തിച്ചുവരുന്ന സിപിഎം.-ബിജെപി. കൂട്ടുകെട്ട് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കൂടുതൽ സുദൃഢമായിട്ടുണ്ട്. സംഘപരിവാർ ശക്തികൾക്കെതിരേ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്കുനേരേ കണ്ണടയ്ക്കുന്ന പിണറായി വിജയൻ, ആർഎസ്എസിനെ ചെറുക്കുന്നത് അവർ മാത്രമാണെന്ന് അവകാശപ്പെടുന്നതും കോൺഗ്രസിന്റെ പോരാട്ടവും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ബിജെപിയിലേക്ക് ആരെങ്കിലും പോയാൽ സുരേന്ദ്രനേക്കാൾ ആർത്തുല്ലസിക്കുന്ന സംഘപരിവാർ മനസ്സാണ് പിണറായി വിജയന്റേത്. ബിജെപിയെ കേരളത്തിൽ മുഖ്യപ്രതിപക്ഷമായി ഉയർത്തിക്കൊണ്ടുവരാനുള്ള അച്ചാരം വാങ്ങിയ സിപിഎം നേതാവും പിണറായി വിജയനാണ്. കോൺഗ്രസിനെ നശിപ്പിക്കണമെന്നും തകർക്കണമെന്നുമാണ് സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത്. ഇതിന് മോദിയുടെയും അമിത്ഷായുടെയും അനുചരന്മാരായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരായി നിയോഗിച്ചിരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്ത ചില നേതാക്കളെയും ഇതിനായി വിനിയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.