തന്നെ സിപിഎം പാർട്ടി അംഗമാകാൻ ക്ഷണിച്ചിരുന്നു; വെളിപ്പെടുത്തലുമായി പത്മജ വേണുഗോപാൽ

തൃശൂർ: തന്നെ സിപിഎം പാർട്ടി അംഗമാകാൻ ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പത്മജ വേണുഗോപാൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു കാലത്തു എൽഡിഎഫിലെ ഉന്നതനിൽ നിന്നു പാർട്ടി മാറാൻ ക്ഷണമുണ്ടായിരുന്നുവെന്ന് പത്മജ പറഞ്ഞു. അതു കോടിയേരിയല്ല, ഉന്നത നേതാക്കളാണെന്നും പേരു വെളിപ്പെടുത്തില്ലെന്നും പത്മജ വ്യക്തമാക്കി.

തന്റെ സഹോദരൻ കെ മുരളീധരൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സുഖമായി ജയിക്കുമായിരുന്നു. എന്തിനാണു തൃശൂരിൽ കൊണ്ടു നിർത്തിയതെന്നു മനസ്സിലാകുന്നില്ലെന്നും പത്മജ പ്രതികരിച്ചു. മുരളീധരന്റെ കാലു വാരാൻ തൃശൂരിൽ ഒരുപാടു പേരുണ്ടെന്നും ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി ജയിക്കുമെന്നാണു തോന്നുന്നത്. തന്നെ തോൽപിക്കാൻ ശ്രമിച്ച രണ്ടു പേർ കഴിഞ്ഞ ദിവസം മുരളിയേട്ടന്റെ കൂടെ പ്രചാരണ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്നതു കണ്ടു. രണ്ടാം തവണ തൃശൂരിൽ തോൽപ്പിച്ചപ്പോൾ മുതൽ പാർട്ടി വിട്ടുപോകാൻ തീരുമാനിച്ചിരുന്നു. തോൽപിക്കാൻ പ്രവർത്തിച്ച മറ്റാളുകളും ഉണ്ട്. പേരുകൾ ഘട്ടം ഘട്ടമായി വെളിപ്പെടുത്തുമെന്ന് പത്മജ പറഞ്ഞു.

തന്നെ പിന്നിൽ നിന്നു കുത്തിയത് തന്റെ കൂടെ ഊണു കഴിച്ചവർ തന്നെയാണ്. ചന്ദനക്കുറി തൊട്ടപ്പോൾ താൻ വർഗീയ വാദിയാണെന്ന് അവർ പറഞ്ഞു. അച്ഛനങ്ങനെ ചെയ്തിരുന്നില്ലല്ലോ എന്നായിരുന്നു ചോദ്യം. അതുകൊണ്ടു തന്നെ ഞാൻ ചന്ദനക്കുറി തൊടുന്നതു നിർത്തി. അച്ഛൻ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കിൽ പാർട്ടി വിട്ടു പോകുമായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.