ഇന്നത്തെ കോൺഗ്രസിൽ നിൽക്കുന്ന ഏതൊരാളും ബിജെപിയിൽ ചേരും; ബിനോയ് വിശ്വം

കോട്ടയം: കോൺഗ്രസിനെയും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നത്തെ കോൺഗ്രസിൽ നിൽക്കുന്ന ഏതൊരാളും ബിജെപിയിൽ ചേരുമെന്നും കോൺഗ്രസ് എംപിമാർ ഏതു നിമിഷവും ബിജെപിയിൽ ചേരാമെന്നും ബിനോയ് വിശ്വം വിമർശിച്ചു. ഗാന്ധിയെ കൈവിട്ടാണ് കോൺഗ്രസ് ബിജെപിക്കൊപ്പം പോവുന്നത്. ഗാന്ധി – നെഹ്‌റുവിയൻ ആശയങ്ങൾ അവർ കൈവിട്ടു. കോൺഗ്രസ് നേതാക്കളിൽ പലരും ബിജെപി പാളയത്തിൽ ചേക്കേറി. ഇതേക്കുറിച്ച് ആത്മപരിശോധന നടത്താൻ കോൺഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതാണ് തങ്ങളുടെ ഗ്യാരണ്ടി, ലെഫ്റ്റ് ഗ്യാരണ്ടി. തങ്ങളുടെ മുൻ എംഎൽഎ, മുൻമന്ത്രി, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒക്കെ ബിജെപിയിലേക്ക് പോയിട്ടുണ്ട്. അത് സമ്മതിക്കുന്നു. പക്ഷേ അതുപോലെയാണോ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ പിന്തുണയിൽ ജയിക്കുന്ന കോൺഗ്രസ് എം പിമാർ ബിജെപിയിലേക്ക് പോകാതിരിക്കാൻ തങ്ങൾ അണകെട്ടുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എത്ര പണം തരാമെന്ന് പറഞ്ഞാലും ഒരൊറ്റ എൽഡിഎഫ് എംപിമാർ പോലും ബിജെപിയിലേക്ക് പോകില്ല. ഇലക്ഷൻ കമ്മീഷനെ ബിജെപി കളിപ്പാവയാക്കി. സുപ്രീം കോടതി നിബന്ധനകൾ തള്ളി കളഞ്ഞിരിക്കുകയാണ്. നിലവിലെ ഒഴിവുകളിൽ ബിജെപി അനുകൂലികളെ നിയമിക്കാൻ നീക്കം നടക്കുന്നുണ്ട്. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.