Politics (Page 40)

മുംബൈ: പത്മജ വേണുഗോപാലിന്റെയും അനിൽ ആന്റണിയുടെയും ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. അവരുടെ ബിജെപി പ്രവേശനത്തിൽ താൻ തെറ്റുകാണുന്നില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസാണ് തന്റെ പാർട്ടി. രാഹുൽ ഗാന്ധിയാണ് തന്റെ നേതാവ്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതുപോലൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പത്മജ ബിജെപിയിലേക്ക് എത്തിയത് സ്വന്തം ഇഷ്ട പ്രകാരമാണെന്നും ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ടു വന്നതല്ലെന്നും ബിജെപി നേതാവ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര നേതൃത്വം പത്മജയുടെ ആഗ്രഹം അംഗീകരിച്ചു. കേന്ദ്ര നേതാക്കൾ പറഞ്ഞാൽ തനിക്കും സ്വീകാര്യം, കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടയം: എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്. ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞയാഴ്ച ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് സ്ഥാനാർത്ഥികൾ.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ കേരള ഘടകം കൺവീനറുമാണ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ചെയർമാൻ, എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ്, എസ്എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ അദ്ദേഹം വഹിക്കുന്നുണ്ട്.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന് നേരെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എഐസിസി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിനാണ്. ഭാരത് ജോഡോ ന്യായ് യാത്രയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്. ഇന്ത്യയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടർന്ന 2019 ഡിസംബറിൽ രാഹുൽ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

ബിൽ അവതരിപ്പിച്ചപ്പോഴും തൊട്ടു പിന്നാലെയും അദ്ദേഹം പാർലമെന്റിൽ ഹാജരായി നിലപാട് പറയാതിരുന്നത് എന്തുകൊണ്ടാണ്. പൗരത്വ ഭേദഗതി വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താൻ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സ് എന്തുകൊണ്ട് മുൻകൈയെടുത്തില്ലെന്ന് അദ്ദേഹം ചോദിക്കുന്നു.

കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളിൽ നിന്നും കോൺഗ്രസ്സ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ. യോജിച്ച സമരങ്ങളിൽ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അച്ചടക്കവാൾ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഡൽഹി കലാപസമയത്ത് ഇരകൾക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ. സംഘപരിവാർ ക്രിമിനലുകൾ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തിൽ കോൺഗ്രസ്സ് മൗനത്തിലായിരുന്നില്ലേ. എൻഐഎ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് കോൺഗ്രസ്സും ബിജെപിയും ഒരുമിച്ചായിരുന്നില്ലേ. ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന ഈ നിയമഭേദഗതിക്കെതിരെ ലോകസഭയിൽ കേരളത്തിൽനിന്നും വോട്ടു ചെയ്തത് സിപിഐഎം എംപി മാത്രമാണ് എന്നത് നിഷേധിക്കാനാകുമോയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

പത്തനംതിട്ട: കേരളത്തിൽ താമര വിരിയുമെന്നാണ് പത്തനംതിട്ടയിലെ അന്തരീക്ഷം കാണുമ്പോൾ മനസ്സിലാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്റണിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഇത്തവണ കേരളത്തിൽ ബിജെപി രണ്ടക്ക സീറ്റ് നേടും. അനിൽ കെ ആന്റണി യുവത്വത്തിന്റെ ഊർജമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണ് കേരളത്തിൽ മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽനിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്. ഇവിടുത്തെ ജനങ്ങളെ ഇരു മുന്നണികളും കബളിപ്പിക്കുന്നു. ഇവർ സംസ്ഥാനങ്ങൾക്ക് എത്രമാത്രം നഷ്ടം നൽകിയെന്നു പരിശോധിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികൾ പുരോഗമന ചിന്തയുള്ളവരാണ്. എന്നാൽ എൽഡിഎഫും യുഡിഎഫും പ്രാചീനചിന്ത വച്ചു പുലർത്തുന്നവരാണ്. പത്തൊൻപതാം നൂറ്റാണ്ടിനെക്കാൾ പിന്നിലാണ് കോൺഗ്രസ് ചിന്തിക്കുന്നത്. എൽഡിഎഫ് ആകട്ടെ കാലഹരണപ്പെട്ട ഉപയോഗശൂന്യമായ ആശയം വച്ചുപുലർത്തുന്നവരാണ്. ഇവർക്ക് ഒരിക്കലും സാംസ്‌കാരികപരമായും പുരോഗമനപരമായും ഉന്നതിയിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ മുന്നോട്ടു നയിക്കാനാകില്ല. മുത്തലാഖിനെതിരെ നിയമം വന്നപ്പോൾ അവർ ഒറ്റക്കെട്ടായി എതിർത്തു. ഒബിസി കമ്മിഷനെ പോലും എതിർത്തവരാണ് എൽഡിഎഫും യുഡിഎഫും. സാമ്പത്തികമായി ദുർബലമായി വിഭാഗങ്ങൾക്ക് സംവരണം നൽകാനായി വന്ന നിയമത്തെയും എതിർത്തു. അതാണ് ഇവിടെ എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ വർഗ്ഗീയ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. അത് മുഖ്യമന്ത്രി നൽകിയ ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു.

സിഎഎ നടപ്പിലാക്കുന്നതിനെതിരെ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കും. സിഎഎ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഇരുവർക്കും വിഷയത്തിൽ ഒരേ സ്വരമാണ്. മതനിരപേക്ഷതയുടെ അടിക്കല്ല് തകർത്തിട്ടും കോൺഗ്രസ് അനങ്ങുന്നില്ല. സിഎഎ വിഷയത്തിൽ നിലപാട് എടുക്കുന്നതിൽ മാത്രമല്ല, നിയമ പോരാട്ടത്തിന് പോലും കോൺഗ്രസ് ഒപ്പമില്ല. സിഎഎക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റത്തിനാണ് സിപിഎം ശ്രമിക്കുന്നത്. സമാന ചിന്താഗതി ഉള്ളവരെ മുഴുവൻ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. കോൺഗ്രസുകാരുടെ കൂടുമാറ്റം സംഘടനാപരമായ അപചയമാണെന്ന് വിമർശിച്ച അദ്ദേഹം ഇലക്ടറൽ ബോണ്ടിൽ പുറത്തുവന്ന വിവരങ്ങൾ ബിജെപി അഴിമതി വ്യാപിപ്പിക്കുന്നതിന്റെ ശക്തമായ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കേരളത്തിൽ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന ഇപി ജയരാജന്റെ പ്രസ്താവന എം വി ഗോവിന്ദൻ തള്ളി. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണ്. പ്രത്യേക സാഹചര്യത്തിലാണ് ഇപി പ്രസ്താവന നടത്തിയത്. അത് വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ഇപി തന്നെ മറുപടി നൽകും. അത്തരം ആരോപണങ്ങൾ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ല. വ്യക്തമായ കാഴ്ചപ്പാട് സിപിഎമ്മിനുണ്ട്. ബിജെപി സംസ്ഥാനത്ത് വലിയ കക്ഷിയല്ല. കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടില്ലെന്നും ആലപ്പുഴയിൽ കെസി വേണുഗോപാൽ ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിഎഎ വിഷയത്തിൽ സിപിഐക്കും മുഖ്യമന്ത്രിക്കും ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. സിഎഎക്കെതിരായി നടത്തിയ പ്രക്ഷോഭങ്ങൾക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാത്തതും രാഹുൽ ഗാന്ധിക്കെതിരായി സംസാരിക്കുന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും അദ്ദേഹം അറിയിച്ചു. 2019ൽ സിഎഎക്കെതിരേ 835 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതിൽ ആക്രമണ സ്വഭാവമുള്ള 102 കേസുകളൊഴികെ ബാക്കിയുള്ള 733 കേസുകൾ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ 2023 എട്ടാംമാസംവരെ ഇതിൽ 63 കേസുകൾ മാത്രമാണ് പിൻവലിച്ചതെന്ന് അജദ്ദേഹം ചൂണ്ടിക്കാട്ടി.

്573 കേസുകൾക്ക് ചാർജ് ഷീറ്റ് കൊടുത്തിട്ടുണ്ടെന്ന് ഇടതുപക്ഷ നേതാവിന്റെ ചോദ്യത്തിനുതന്നെ മുഖ്യമന്ത്രി മറുപടി കൊടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിഎഎക്കെതിരേ എടുത്ത കേസുകൾ ഇല്ലാതായെന്ന് മുഖ്യമന്ത്രി പറയുന്നത്. കുറേ കേസുകളിൽ ശിക്ഷിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് ഫൈനടപ്പിച്ചത്. അങ്ങനെയാണ് കുറേ കേസുകൾ ഇല്ലാതായത്. കേസുകൾ പിൻവലിക്കാതിരിക്കുന്നതും രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി സംസാരിക്കുന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണ്. ആലപ്പുഴയിൽ കഴിഞ്ഞ തവണ കിട്ടിയ സീറ്റ് ഇത്തവണ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെയാണ് കെ സി വേണുഗോപാലിനെതിരേ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

നാടിനെ ബാധിക്കുന്ന ഒരു ചോദ്യത്തിലും മുഖ്യമന്ത്രി മറുപടി പറയില്ല. എസ്എഫ്‌ഐക്കാരുടെ തോന്നിയവാസത്തിന് എന്താണ് പറയാനുള്ളത്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മൗനം പാലിച്ചു. കേരള സർവകാലാശാല കലോത്സവത്തിൽ 51 കാരനെ ക്രൂരമായി മർദിച്ചു. പിന്നാലെ അധ്യാപകൻ ആത്മഹത്യ ചെയ്തു. എന്ത് അക്രമവും കാണിക്കാൻ ക്രിമിനൽ സംഘങ്ങളെ അഴിച്ചുവിട്ട് അവർക്ക് തണലൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വി ഡി സതീശൻ വിമർശിച്ചു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദക്ഷിണേന്ത്യയിൽ മുന്നേറ്റം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെ കളത്തിലിറക്കി ബിജെപി. കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താൻ മോദി തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിലെത്തിയിരുന്നു. അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്.

ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇത്തവണ പത്തനംതിട്ടയിലും താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജ്ജം കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്. എൻഡിഎയ്ക്ക് ഇത്തവണ നാനൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ മാറിമാറി വരുന്ന ഇടതുവലത് സർക്കാരുകൾ കെടുകാര്യസ്ഥതയുടെ പ്രതീകങ്ങളാണ്. കേരളത്തിലെ റബ്ബർ കർഷകർ എത്രമാത്രം പ്രയാസപ്പെട്ടാണ് മുന്നോട്ട് പോകുന്നതെന്ന് ജനങ്ങൾക്കറിയാം. എന്നാൽ കേരളത്തിലെ സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. വളരെ മോശം ക്രമസമാധാന നിലയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ക്രിസ്ത്യൻ പള്ളികളിലെ പുരോ?ഹിതന്മാർ പോലും അക്രമത്തിന് ഇരയാകുന്ന അവസ്ഥയായി മാറി കഴിഞ്ഞു. കേരളത്തിലെ കോളേജ് കാമ്പസുകൾ കമ്യൂണിസ്റ്റ് താവളമായി. യുവാക്കളടക്കം ഭയന്ന് ജീവിക്കേണ്ടി വന്നിരിക്കുകയാണ് എന്നാൽ കേരളത്തിലെ സർക്കാർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: തന്റെ സഹോദരൻ കെ മുരളീധരനും ബിജെപിയിൽ ചേരുമെന്ന് പത്മജാ വേണുഗോപാൽ. പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കേണ്ട പരിപാടിയിൽ സംസാരിക്കവെയായിരുന്നു പത്മജയുടെ പരാമർശം. ഇനിയും മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ വരുമെന്ന സൂചനയും പത്മജ മുന്നോട്ടുവെച്ചു.

തനിക്ക് പിന്നാലെ വരാൻ ഒരുപാടുപേരുണ്ട്. അവരെല്ലാം സമയം നോക്കി നിൽക്കുകയാണ്. പ്രവർത്തകർ ഇതു കഴിഞ്ഞാൽ തന്റെ പിന്നാലെ പോരുമെന്ന് ഉറപ്പുണ്ടെന്നും പത്മജ ചൂണ്ടിക്കാട്ടി.

കെ. കരുണാകരന്റെ മക്കളെ കോൺഗ്രസിന് വേണ്ട. വൈകാതെ മുരളീധരന് ഇത് മനസിലാകും. വൈകി ചിന്തിക്കുന്ന ആളാണ് മുരളീധരൻ. അദ്ദേഹത്തിനു വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് താൻ വന്നതെന്ന് പത്മജ അഭിപ്രായപ്പെട്ടു. ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നിരിക്കും. അത് എത്ര എണ്ണം എന്നതിൽ മാത്രമേ സംശയമുള്ളൂ. പത്മജ കോൺഗ്രസിൽ നിന്നും പോയതുകൊണ്ട് എന്ത് സംഭവിക്കും എന്ന് തിരഞ്ഞെടുപ്പിൽ കാണാമെന്നും പാർട്ടി പറഞ്ഞാൽ പ്രചാരണത്തിനിറങ്ങുമെന്നും പത്മജ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ള പ്രമുഖർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദാദർ നഗർ ഹവേലി, ദില്ലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 72 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കർണാൽ മണ്ഡലത്തിൽ മനോഹർലാൽ ഖട്ടർ മത്സരിക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഹാമിർപൂരിൽ മത്സരിക്കും. ജെഡിഎസ് നേതാവ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മരുമകൻ സിഎൻ മഞ്ജുനാഥ് ബാംഗ്ലൂർ റൂറലിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. അതിനിടെ പട്ടികയിൽ കർണാടകയിലെ പ്രതാപ് സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചു.

ബാംഗ്ലൂർ നോർത്തിൽ ശോഭ കരന്തലജെ മത്സരിക്കും. മുംബൈ നോർത്തിൽ പിയൂഷ് ഗോയലും ഷിമോഗയിൽ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്രയും തേജസ്വി സൂര്യ ബാംഗ്ലൂർ സൗത്തിലും മത്സരിക്കും. മൈസൂരു രാജ കുടുംബാംഗം യദുവീർ കൃഷ്ണ ദത്ത ചാമരാജ മൈസൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.

നാഗ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തി രാഹുൽ ഗാന്ധി. അഞ്ച് ‘മഹിളാ ന്യായ്’ ഗ്യാരന്റിയാണ് രാഹുൽ മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിർധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം, സ്ത്രീകൾക്ക് ഹോസ്റ്റൽ, ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകൾ എന്നിവരുടെ മാസശമ്പളത്തിൽ കേന്ദ്രസർക്കാരിന്റെ വിഹിതം ഇരട്ടിയാക്കും, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കാനും അവ നടപ്പിലാക്കാനും ഓരോ പഞ്ചായത്തിലും ഒരോ അധികാർ മൈത്രിയെ നിയമിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി നൽകിയത്.

സെൻസസ് ഇല്ലാതെ വനിതാ സംവരണം കോൺഗ്രസ് നടപ്പിലാക്കും. നരേന്ദ്രമോദി വനിതാ സംവരണം ലോക്സഭയിൽ പാസാക്കി. എന്നാൽ, 10 വർഷത്തിനു ശേഷം നടക്കുന്ന സെൻസസിനു ശേഷം നിങ്ങൾക്ക് സംവരണം നൽകാമെന്നാണ് മോദി സഭയിൽ പറഞ്ഞത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഒരു സർവേയും കൂടാതെ സ്ത്രീകൾക്ക് സംവരണം നൽകുമെന്ന് അദ്ദേഹം ഇറിയിച്ചു. കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളും.നരേന്ദ്ര മോദി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപ എഴുതിത്തള്ളിയിരുന്നു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഒരു വർഷത്തെ ബജറ്റ് 65,000 കോടി രൂപയാണ്. മോദി 24 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ പണമാണ് ശതകോടീശ്വരന്മാർക്ക് നൽകിയതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.