രാഹുൽ ഗാന്ധിക്കെതിരെ പിണറായി പ്രസംഗിച്ചത് സിപിഎമ്മിന് ഒരു സീറ്റും കിട്ടില്ലെന്നുള്ള അങ്കലാപ്പിൽ; കെ സി വേണുഗോപാൽ

കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പിനെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം എവിടെയാണ് ബിജെപിയെ എതിർക്കുന്നത്. കേരളത്തിലാണോ ബിജെപിയെ എതിർക്കുന്നത്. അതിന് കേരളത്തിലെവിടെയാണ് ബിജെപിയെന്ന് അദ്ദേഹം ചോദിക്കുന്നു. ന്യായ് യാത്രയുടെ സമാപനത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും പങ്കെടുത്തു. നിർഭാഗ്യവശാൽ സിപിഎം വന്നില്ല. അവർക്ക് ആത്മാർഥത ഇല്ല. സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി മുംബൈയിൽ നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസംഗം കേൾക്കണം. പിണറായി മോദിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. മുംബൈയിലെ യോഗത്തിൽ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ടാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.