ക്യാഷ്‌ലസ് ഇക്കോണമിയെ ആദ്യം പരിഹസിച്ചവർക്കെല്ലാം ഇപ്പോൾ അംഗീകരിക്കേണ്ടി വന്നു; മാറ്റങ്ങൾ ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ക്യാഷ്‌ലസ് ഇക്കോണമിയെ ആദ്യം പരിഹസിച്ചവർക്കെല്ലാം ഇപ്പോൾ അംഗീകരിക്കേണ്ടി വന്നുവെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വിവര സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്ക് കൂടി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിക്കൊപ്പം’ഇനി കാര്യം നടക്കുമെന്ന പരാമർശം കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വോട്ട് അഭ്യർത്ഥന.

കഴിഞ്ഞ ദിവസം പഴവങ്ങാടി ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖർ ദർശനം നടത്തിയിരുന്നു. ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ വേളയിൽ അദ്ദേഹം ക്ഷേത്ര പരിസരത്ത് തേങ്ങ വിൽക്കുന്നവർക്കിടയിൽ ഗൂഗിൾ പേ സൗകര്യം കണ്ടത്. തുടർന്നാണ് അദ്ദേഹം യുപിഐ സേവനത്തെ കുറിച്ച് പരാമർശിച്ചത്. യുപിഐ കൊണ്ടുവന്ന സർക്കാരിന്റെ ഭാഗമായ സ്ഥാനാർഥിയാണ് താനെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

പതിനഞ്ച് വർഷഷമായി തിരുവനന്തപുരത്ത് വികസനമല്ല, നാടകമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അതേസമയം, തിരുവനന്തപുരത്ത് രാജീവിന് വോട്ടെന്നാൽ മോദിക്കുള്ള വോട്ടെന്ന നിലക്കാണ് എൻഡിഎ പ്രചാരണം നടത്തുന്നത്.