കൊച്ചി: മേജർ രവി എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. ഒരു സ്വകാര്യ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സ്ഥാനാർത്ഥിയാകുന്നതിനോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞുവെന്നാണ് ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ആരാണ് സ്ഥാനാർത്ഥിയാവുന്നതെന്ന് പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും മേജർ രവി വ്യക്തമാക്കിയിരുന്നു. അതേസമയം, പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ബിജെപി ഇതുവരെ എറണാകുളം, കൊല്ലം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിൽ സ്ഥനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കൊല്ലത്ത് കുമ്മനം രാജശേഖരനും പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറും പരിഗണനയിലുണ്ട്. ഇന്നോ നാളെയോ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമെന്നാണ് കരുതുന്നത്.
അതേസമയം, കഴിഞ്ഞദിവസം കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥും മത്സരിക്കും. ഇതോടെ ബി.ഡി.ജെ.എസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.

