ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ നരേന്ദ്രമോദി വിജയിക്കില്ല; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി വെറും മുഖംമൂടിയാണെന്നും ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ നരേന്ദ്രമോദി വിജയിക്കില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോൺഗ്രസ് തനിച്ചല്ല. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാണ് ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിനിരന്നത്. എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേർന്ന് ഒരു പാർട്ടിയെ എതിർക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇലക്ഷൻ കമ്മീഷനോട് ഇ വി എം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് കൂടി എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ല. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സർക്കാർ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന ചോദ്യവും രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു. ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്ലികാർജുൻ ഖർഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാർ, പ്രിയങ്ക ഗാന്ധി, ഉദ്ധവ് താക്കറെ, എം കെ. സ്റ്റാലിൻ, സാദിഖ് അലി ശിഹാബ് തങ്ങൾ, രേവന്ത് റെഡ്ഡി, പ്രകാശ് അംബേദ്കർ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കളെല്ലാം സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം, ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി. ഇലക്ട്രൽ ബോണ്ട് അഴിമതി ബിജെപിയുടെ അഴിമതി രാഷ്ട്രീയം പുറത്തുകൊണ്ട് വന്നുവെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് വോടിംഗ് മെഷീനിൽ കൃതിമം നടക്കുന്നുവെന്നായിരുന്നു ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ ആരോപണം. ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിലേക്ക് രാജ്യം തിരികെയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.