ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ 4ന് അറിയാം; രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി

ജഗത്യാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജഗത്യാലിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി രാഹുൽ ഗാന്ധിയ്ക്ക് മറുപടി നൽകിയത്. ശക്തിയെ നശിപ്പിക്കുമെന്ന് ഇന്ത്യ സഖ്യം അവരുടെ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചുവെന്നും താൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ നാലിന് അറിയാം. അമ്മാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കായി തന്റെ ജീവൻ താൻ ബലിയർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച മുംബൈയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയുണ്ടായിരുന്നു. റാലിയിൽ അവരുടെ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു. അവരുടെ പോരാട്ടം ‘ശക്തി’ക്ക് എതിരെയാണെന്ന് അവർ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം, ഓരോ അമ്മയും മകളും ശക്തിയുടെ രൂപമാണ്. അമ്മമാരെ, പെങ്ങന്മാരെ നിങ്ങളെ താൻ ശക്തിയായി ആരാധിക്കുന്നു. താൻ ഭാരതമാതാവിന്റെ പൂജാരിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് മോദിക്കും, ബിജെപിക്കും എതിരെ രാഹുൽ ഗാന്ധി ശക്തി പരാമർശം നടത്തിയത്. തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രവും, ഇഡിയും, സിബിഐയും, ആദായനികുതി വകുപ്പും ഇല്ലാതെ മോദിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തങ്ങളുടെ പോരാട്ടം മോദിക്കെതിരെ വ്യക്തിപരമായല്ല. ഒരു ശക്തിക്ക് വേണ്ടി ( അധികാരം) പ്രവർത്തിക്കുന്ന മുഖംമൂടിയാണ് മോദി. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത പൊള്ളയായ മനുഷ്യനാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.