കോൺഗ്രസിലെ സാമ്പത്തിക സ്ഥാനാർഥികളെ ബാധിക്കുന്നു; കെ സുധാകരൻ

മലപ്പുറം: കോൺഗ്രസിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സംസാരിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പാർട്ടിയിലെ സാമ്പത്തിക സ്ഥാനാർഥികളെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിരിവു നടത്തി പണം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല. നമുക്കു കിട്ടേണ്ട കാശൊക്കെ കേന്ദ്രം അടിച്ചുപൊളിച്ചു കൊണ്ടുപോകുവല്ലേ. യാതൊരു രക്ഷയുമില്ല. ഇത്ര നെറികെട്ട ജനാധിപത്യവിരുദ്ധ നടപടി ഈ ലോകത്ത് ഒരു രാഷ്ട്രീയ പാർട്ടിയും നടത്തില്ല. ഇങ്ങനെയൊന്നും തറയാകരുത് ഒരു ഭരണകൂടം. ഇത്തിരി അന്തസ്സും ആഭിജാത്യവുമൊക്കെ കാണിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.

ജനാധിപത്യ മര്യാദ കാണിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. തങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കും. എന്നാൽ ഒരുമിച്ച് പൈസ കിട്ടുമ്പോഴുള്ള ഒരു സൗകര്യമുണ്ടല്ലോ. കൂടുതൽ പ്രവർത്തിക്കാനും മറ്റും സമയം കിട്ടും. ഇതിപ്പോൾ പണം ലഭിക്കുന്നതിനു വേണ്ടി തങ്ങൾ കുറച്ച് ബുദ്ധിമുട്ടണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.