ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർക്കുന്നവർക്ക് എതിരെ നടപടിയുണ്ടാകും; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർക്കുന്നവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പിഴയും പലിശയുമടക്കം 1800 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ബിജെപിയുടെ ‘ടാക്‌സ് ടെററിസം’ എന്ന ഹാഷ്ടാഗോടെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണമാറ്റമുണ്ടായാൽ ഉറപ്പായും ജനാധിപത്യം തകർക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇനി ഇതൊക്കെ ചെയ്യാൻ ധൈര്യം വരാത്ത രീതിയിലാകും നടപടി സ്വീകരിക്കുന്നത്. ഇത് തന്റെ ഗ്യാരന്റിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1,800 കോടി രൂപയുടെ നോട്ടിസാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് നൽകിയത്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയും ഉൾപ്പെടെയുള്ള തുകയാണിത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. കോൺഗ്രസിന്റെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തൻഖാണ് ഇക്കാര്യം വ്യക്തമാക്കിയത്.