ഇടതു മുന്നണിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ല; എം വി ഗോവിന്ദൻ

കണ്ണൂർ: ഇടതു മുന്നണിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണിക്ക് ലീഗിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

റിയാസ് മൗലവി വധക്കേസിലെ വിധിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് സി പി എമ്മിൻറെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാസ് മൗലവിയുടെ കുടുംബത്തിന് സി പി എം പിന്തുണ നൽകും. റിയാസ് മൗലവി വധം കോടതിയുടെ മുന്നിലുള്ള കേസാണെന്നും കൃത്യമായി കേസ് കൈകാര്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും പോലീസ് അറിയിച്ചു.