കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയം; നിർമ്മലാ സീതാരാമൻ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമാണെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും ധനമന്ത്രി വിമർശിച്ചു. കണക്കുകൾ നിരത്തിയായിരുന്നു മന്ത്രിയുടെ പരാമർശം.

കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് 2016 മുതൽ പരാജയമാണ്. കടം എടുക്കാൻ പരിധിയുണ്ട്. പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പെന്ന് നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി. കേരളം ബജറ്റിന് പുറത്ത് വൻതോതിൽ പണം കടമെടുക്കുന്നു. എന്നാൽ തിരിച്ചടവ് ട്രഷറി പണം ഉപയോഗിച്ചാണ്. തിരിച്ചടവിന് പണമില്ല. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തിൽ ഭരിക്കുന്നവർക്ക് നാട് നന്നാവണമെന്നില്ല. സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യം. കേരളത്തിൽ അഴിമതിയുടെ പരമ്പരയാണുള്ളത്. ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.