Politics (Page 25)

ഹൈദരാബാദ്: പ്രധാനമന്ത്രി പദവിക്ക് തനിക്ക് അർഹതയുണ്ടെന്ന അവകാശവാദം ഉന്നയിച്ച് കെസിആർ. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വ്യക്തമാക്കി. എൻഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാദേശികപാർട്ടികൾ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എൻഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാർട്ടികളുടെ സഖ്യത്തെ പിന്തുണയ്‌ക്കേണ്ടി വരും. തനിക്ക് പ്രധാനമന്ത്രി പദവിക്ക് അർഹതയുണ്ട്. നൂറ് ശതമാനം പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കാൻ തനിക്ക് അർഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നെ ഡൽഹിയിൽ സഹായിക്കാൻ ബിആർഎസിന്റെ എംപിമാരുണ്ടാകുമെന്നും കെ ചന്ദ്രശേഖര റാവു കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നാളെ. 96 സീറ്റുകളിലേക്കാണ് നാളെ പോളിംഗ് നടക്കുക. നാലാം ഘട്ടത്തിൽ 9 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പെട്ടിരിക്കുന്നു.

നാലാംഘട്ടത്തിൽ ജനവിധി തേടുന്നത് 1717 സ്ഥാനാർത്ഥികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആന്ധ്രാപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 13 ഉം മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമ ബംഗാളിലെയും മധ്യപ്രദേശിലെയും 8 ഉം ബീഹാറിലെ 5 ഉം ജാർഖണ്ഡിലെയും ഒഡിഷയിലെയും 4 സീറ്റുകളിലേക്കും ജമ്മു കാശ്മീരിലെ ഒരു സീറ്റിലേക്കും നാളെ പോളിംഗ് നടക്കും.

അഖിലേഷ് യാദവ്, അസദുദ്ദീൻ ഒവൈസി, അർജുൻ മുണ്ട, ശത്രുഘ്‌നൻ സിൻഹ, മാധവി ലത, വൈഎസ് ശർമിള, അധീർ രഞ്ജൻ ചൗധരി, യൂസഫ് പത്താൻ, ഗിരിരാജ് സിംഗ്, മഹുവ മൊയ്ത്ര തുടങ്ങിയ നിരവധി പ്രമുഖർ നാളെ ജനവിധി തേടും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദൻ ബി ലോകൂർ, ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവർ ചേർന്ന് നേരത്തെ ഇരുവരേയും നേരത്തെ പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. ഈ സംവാദത്തിന് സമ്മതമാണെന്നാണ് രാഹുൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റൽപാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റു ചെയ്തു. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയെന്നും മികച്ച പിന്തുണയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചതെന്നും രാഹുൽ അറിയിച്ചു.

തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികൾ മത്സരിക്കുമ്പോൾ തങ്ങളുടെ നേതാക്കളെ നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾ അർഹിക്കുന്നുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ഒരു സംവാദം തങ്ങളുടെ കാഴ്ചപ്പാട് ശരിയായ രീതിയിൽ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഇരുകക്ഷികൾക്കും ഏറെ സഹായകരമാകും. ഈ ഒരു ഉദ്യമത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും രാഹുൽ ക്ഷണത്തിന് അയച്ച ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അസംബന്ധമായ ആരോപണമാണ് കെജ്രിവാൾ ഉന്നയിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിലോ എൻഡിഎയിലോ ഇക്കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അമിത് ഷായും കഴിഞ്ഞ ദിവസം കെജ്രിവാളിനെതിരെ രംഗത്തെത്തിയിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഇതിനെ ചൊല്ലി പാർട്ടിയിൽ ആശയ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

75 വയസിൽ ഒഴിയണമെന്ന് പാർട്ടി ഭരണഘടനയില്ല. അദ്ദേഹത്തെ മാറ്റില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-ൽ പ്രധാനമന്ത്രി മോദി തന്നെ 75 വയസ്സിന് ശേഷം ബിജെപി നേതാക്കൾ വിരമിക്കുമെന്ന് ഒരു നിയമം ഉണ്ടാക്കി. അടുത്ത വർഷം സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. ഇപ്പോൾ അമിത് ഷായ്ക്ക് വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം.

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനെ ചൊല്ലി പാർട്ടിയിൽ ആശയ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

75 വയസിൽ ഒഴിയണമെന്ന് പാർട്ടി ഭരണഘടനയില്ല. അദ്ദേഹത്തെ മാറ്റില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2014-ൽ പ്രധാനമന്ത്രി മോദി തന്നെ 75 വയസ്സിന് ശേഷം ബിജെപി നേതാക്കൾ വിരമിക്കുമെന്ന് ഒരു നിയമം ഉണ്ടാക്കി. അടുത്ത വർഷം സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. ഇപ്പോൾ അമിത് ഷായ്ക്ക് വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം.

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രമസമാധാനം പൂർണമായും തകർത്ത് ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സർക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാക്കാൻ സംസ്ഥാന പോലീസ് മേധാവി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളർന്ന നിലയിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴയിൽ മകൻ അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികൾ കൊലപ്പെടുത്തി. തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയന്ത്രിക്കാൻ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പോലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രാദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികൾക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് കാരണമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവർത്തിക്കുന്നതും അത്തരം സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നതും സിപിഎം നേതാക്കളാണ്. ആലപ്പുഴയിൽ ഉൾപ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണെന്ന് അദ്ദേഹം അറിയിച്ചു.

ലഖ്നൗ: വരുംകാലത്ത് കോൺഗ്രസ് പാർട്ടി അതിന്റെ രാഷ്ട്രീയരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻകാലത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഭാവിയിൽ കോൺഗ്രസ് അതിന്റെ രാഷ്ട്രീയത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാഹുൽ അറിയിച്ചു. ലഖ്നൗവിൽ വെള്ളിയാഴ്ച നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഒരു കോൺഗ്രസ് പ്രവർത്തകനാണെങ്കിലും മുൻകാലത്ത് കോൺഗ്രസ് പാർട്ടിയും വീഴ്ചകൾ വരുത്തിയിരുന്നു എന്ന കാര്യം കൂടി പറയാൻ താനാഗ്രഹിക്കുകയാണ്. അധികാരത്തിലേക്കാണ് താൻ പിറന്നുവീണത്, അതിനാൽത്തന്നെ അതിൽ തനിക്ക് താൽപര്യവുമില്ല. അധികാരമെന്നാൽ പൊതുജനങ്ങളെ സഹായിക്കാനുള്ള ഒരുപാധി മാത്രമാണ് തനിക്ക്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാനിർണയത്തിന് നിർദേശം നൽകും. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. 180 സീറ്റുകളിലധികം നേടില്ല. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

മോദി ഒരു പ്രധാനമന്ത്രിയല്ല, ഒരു സർവാധിപതിയാണ്. മന്ത്രിസഭയിലോ പാർലമെന്റിലോ ഭരണഘടനയിലോ അദ്ദേഹത്തിന് യാതൊന്നും പ്രവർത്തിക്കാനില്ല. 21-ാം നൂറ്റാണ്ടിന്റെ രാജാവാണ് അദ്ദേഹം. യാഥാർഥത്തിൽ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്നനിക്ഷേപരുടെ മറയായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ സുപ്രിംകോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോഡി സർക്കാരിന് ഭയമാണ്. പകരം വർഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിയുടെ നിലപരുങ്ങലിലാവുകയാണ്. അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളിൽ പുറത്തുവരുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നീക്കങ്ങൾ ജുഡീഷ്യൽ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിർപ്പ് കൂടിയാണ് വിധിയിൽ തെളിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അരവിന്ദ് കെജ്രിവാളിന് ജയിൽ മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാൻ സാധിക്കട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാർക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രോഡ. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണെന്നായിരുന്നു സാം പിത്രോഡയുടെ പരാമർശം. ദി സ്റ്റേറ്റ്സ്മാൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പിത്രോഡ പരാമർശം നടത്തിയത്.

ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെ പോലെയാണെന്നും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയുമാണെന്നായിരുന്നു പിത്രോഡ പറഞ്ഞത്. എന്നിരുന്നാലും ചങ്ങൾ സഹോദരീസഹോദരന്മാരാണെന്നും പിത്രോഡ പറഞ്ഞിരുന്നു.

നമ്മളെല്ലാം വ്യത്യസ്ത ഭാഷകളെയും മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ബഹുമാനിക്കുന്നവരാണ്. അതിനെ താനും ബഹുമാനിക്കുന്നു. എല്ലാവർക്കും ഇവിടെ ഇടമുണ്ട്. എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു. അതാണ് താൻ വിശ്വസിക്കുന്ന ഇന്ത്യയെന്നും അദ്ദേഹം അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

അതേസമയം, സാം പിത്രോഡയുടെ പരാമർശങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി. പിത്രോഡയുടെ പരാമർശങ്ങൾ നിർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്നായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. സാം പിത്രോഡയുടെ പരാമർശത്തിൽ പ്രധാനമന്ത്രിയും പ്രതികരണം നടത്തി. വർണത്തിന്റെ പേരിൽ രാജ്യത്തെ നിരവധി ജനങ്ങളെ അപമാനിക്കുന്നതാണ് പിത്രോഡയുടെ പരാമർശമെന്ന് പ്രധാനമന്ത്രി വിമർശിച്ചത്. തനിക്ക് നേരെ പരാമർശം വന്നാൽ അത് തനിക്ക് ക്ഷമിക്കാനാകും. പക്ഷെ തന്റെ ജനങ്ങൾക്ക് നേരെ അത്തരം പരാമർശം അംഗീകരിക്കില്ല. നാമെല്ലാം കൃഷ്ണനെ ആരാധിക്കുന്നവരാണ്. ഭരണഘടനയെ ഏറ്റിനടക്കുന്നവർ നിറത്തിന്റെ പേരിൽ ജനങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.