സന്ദേശ് ഖാലി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം; ആനന്ദബോസിനെ പിന്തണച്ച് സിപിഎം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ പിന്തണച്ച് സിപിഎം. ലൈംഗിക അതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സി വി ആനന്ദബോസിന് പിന്തുണയുമായി രംഗത്തെത്തിയത്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ഉയർത്തിക്കാട്ടിയാണ് സിപിഎം ആനന്ദബോസിനെ പിന്തുണ നൽകിയിരിക്കുന്നത്. സന്ദേശ് ഖാലി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം വ്യക്തമാക്കുന്നു.. ഈസ്റ്റ് മിഡ്‌നാപൂർ ജില്ലാ സെക്രട്ടറി നിരഞ്ജൻ സിഹിയാണ് ഇതുസംബന്ധിച്ച ആരോപണം ഉന്നയിച്ചത്.

പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ബിജെപിക്ക് പുറമേ സിപിഎമ്മും സംസ്ഥാനത്തെ ഭരണകക്ഷിക്കെതിരെ ആയുധമാക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തൃണമൂലിന്റെ നാടകമാണ് പരാതിയെന്ന് സിപിഎം വ്യക്തമാക്കി. കിഴക്കൻ മിഡ്‌നാപുർ സ്വദേശിനിയാണ് ആനന്ദ് ബോസിനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരിയുടെ അമ്മ 2002-ൽ കിഴക്കൻ മിഡ്‌നാപുർ ജില്ലയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് സന്ദേശ് ഖാലി അടക്കം തൃണമൂൽ കോൺഗ്രസിനെ വേട്ടയാടുന്ന വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള നേതാക്കളുടെ മനഃപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്ഭവനിൽ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ലൈംഗിക ആരോപണം നിഷേധിച്ച് ഗവർണർ സി വി ആനന്ദ ബോസ് രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം വിജയിക്കുമെന്നമാണ് സിവി ആനന്ദബോസ് പറയുന്നത്.