തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പല പ്രമുഖരുടെയും കാലിടറും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ പല പ്രമുഖരുടെയും കാലിടറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ചരിത്രത്തിലാദ്യമായി ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും വോട്ട് ശതമാനം ഗണ്യമായി ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ ഇത്തവണ മികച്ച വിജയ പ്രതീക്ഷയുണ്ട്. ബൂത്ത്തലം മുതൽ ലഭിച്ച റിപ്പോർട്ടുകൾ പ്രതീക്ഷ വെച്ച സീറ്റുകളിൽ വിജയിക്കാമെന്നതാണ്. തിരുവനന്തപുരത്ത് ശശി തരൂർ ഇത്തവണ തോറ്റ് തുന്നംപാടും. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് ജയിക്കാൻ പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിൽ അഞ്ച് സീറ്റിൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രകാശ് ജാവഡേക്കർ അറിയിച്ചത്. മാസങ്ങൾക്ക് മുമ്പും ഇതേ കാര്യം തന്നെയാണ് താൻ പറഞ്ഞതെന്നും അതേ നിലപാട് തന്നെയാണ് ഇപ്പോഴെന്നും ജാവ്ദേക്കർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് വളരെ ബോധപൂർവമായി ഉയർത്തിക്കൊണ്ടുവന്നതാണ് ദല്ലാൾ വിവാദമെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലും ആലപ്പുഴയിലും എൻഡിഎയ്ക്ക് വിജയ സാധ്യതയുണ്ടെന്നു വന്നതോടെ യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവന്നതാണ് വിവാദം. അത് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രചാരണത്തിൽ ചില മാധ്യമങ്ങളും വീണുപോയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.