Politics (Page 18)

ഭുവനേശ്വർ: സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് നവീൻ പട്നായിക്കിന്റെ അടുത്ത അനുയായി വി കെ പാണ്ഡ്യൻ. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഒഡിഷയിൽ ബിജു ജനതാദൾ തകർന്നടിഞ്ഞതിനു പിന്നാലെയാണ് രാജി. സിവിൽ സർവീസിൽ നിന്നും രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി കെ പാണ്ഡ്യനെ പിൻഗാമിയാക്കാനുള്ള നവീൻ പട്നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതിനു പിന്നിലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡ്യൻ സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.

തന്റെ ഗുരുവാണ് നവീൻ പട്നായിക്കെന്നും ഇത്രയും കാലം പ്രവർത്തിച്ചത് ഒഡിഷയിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണെന്നും പാണ്ഡ്യൻ പറഞ്ഞു. തന്റെ ഏകലക്ഷ്യം നവീൻ പട്നായിക്കിനെ സഹായിക്കുക എന്നതു മാത്രമായിരുന്നു. ഏതൊരാളും ആഗ്രഹിക്കുന്നതുപോലെ, എന്റെ ഗുരുവിനെ സഹായിക്കുക എന്നതായിരുന്നു ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, മറ്റു ചിലർ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ അഴിച്ചുവിട്ടു. തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാൻ സാധിച്ചില്ല. ഒരു പ്രത്യേക പദവി ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്. തനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണുള്ളത്. സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ല. താൻ മൂലം പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ എംഎൽഎമാർ സംസ്ഥാന നിയമസഭയിലെ അംഗത്വത്തിൽ നിന്ന് രണ്ടാഴ്ചയിൽ താഴെ സമയത്തിനുള്ളിൽ രാജിവെയ്ക്കണം. തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചിരുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ചിലർ ഒന്നിലധികം മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്. ചിലർ ഇതിനകം രാജ്യസഭയിലോ ഒരു സംസ്ഥാനത്തിന്റെ നിയമസഭയിലോ അംഗങ്ങളാണ്. ഈ എംപിമാർ അവരുടെ സീറ്റുകളിലൊന്ന് ഒഴിയണം. ഭരണഘടന പ്രകാരം, ഒരു വ്യക്തിക്ക് ഒരേസമയം പാർലമെന്റിന്റെ ഇരുസഭകളിലും (അല്ലെങ്കിൽ ഒരു സംസ്ഥാന നിയമസഭ), അല്ലെങ്കിൽ പാർലമെന്റിലും ഒരു സംസ്ഥാന നിയമസഭയിലും അംഗമാകാനോ ഒരു സഭയിൽ ഒന്നിൽ കൂടുതൽ സീറ്റുകളെ പ്രതിനിധീകരിക്കാനോ കഴിയില്ല. Prohibition of Simultaneous Membership Rules, 1950, പ്രകാരം അത്തരത്തിൽ ജയിച്ച പാർലിമെന്റ് അംഗങ്ങൾ ഒരു അംഗത്വം രാജി വെക്കണം. ഈ നിയമപ്രകാരം, ഒരു അംഗം സംസ്ഥാന നിയമസഭയിൽ നിന്നോ പാർലമെന്റിൽ നിന്നോ മറ്റൊരിടത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ രാജിവയ്ക്കുന്ന കാലയളവ് ഇന്ത്യയുടെ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പതിനാല് ദിവസമാണ്.

നിയമസഭാ സീറ്റ് 14 ദിവസത്തിനകം രാജിവെക്കാത്തപക്ഷം, നിയമസഭയിലും പാർലമെന്റിലും അംഗമായ വ്യക്തിക്ക് ലോക്സഭയിലെ അംഗത്വം നഷ്ടപ്പെടും എന്നതാണ് ചട്ടത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചത് രണ്ട് എംഎൽഎമാരാണ്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ മന്ത്രിയും ചേലക്കര എംഎൽഎയുമാണ്. വടകര മണ്ഡലത്തിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ ആണ്. ഇവർ രണ്ടു പേരും നിയമസഭയിൽ നിന്നും രാജിവെയ്‌ക്കേണ്ടി വരും.

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിനായി സുരേഷ് ഗോപി ഡൽഹിയിലേക്ക് തിരിച്ചു. നരേന്ദ്ര മോദി തീരുമാനിച്ചു, താൻ അനുസരിക്കുന്നു എന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്. വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിലാണ് സുരേഷ് ഗോപി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ഏത് വകുപ്പാണ് സുരേഷ് ഗോപിയ്ക്ക് ലഭിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സുപ്രധാന വകുപ്പ് തന്നെയായിരിക്കും അദ്ദേഹത്തിന് ലഭിക്കുകയെന്നാണ് വിവരം.

അതേസമയം, അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗും, പ്രൾഹാദ് ജോഷിയും മന്ത്രിസഭയിൽ ഉണ്ടായിരിക്കും. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും കേന്ദ്രമന്ത്രിയായേക്കും. ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഒരു കേന്ദ്രമന്ത്രി പദവിയും സഹമന്ത്രി പദവിയുമായിരിക്കും ടിഡിപിക്ക് ഇപ്പോൾ ലഭിക്കുക. ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡു കേന്ദ്രമന്ത്രിയാകും. ഡോ. പെമ്മസാനി ചന്ദ്രശേഖർക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യതയുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വം ശോഭ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച് ശോഭാ സുരേന്ദ്രൻ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് കരസ്ഥമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ ബിജെപി അഴിച്ചു പണിക്ക് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തിൽ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ കാലാവധി പൂർത്തിയാക്കിയതാണ്. ഈ സാഹചര്യത്തിൽ ശോഭയെ സംസ്ഥാന അധ്യക്ഷയാക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലിയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കില്ലെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. കേരളത്തിൽ നിന്നുള്ള നേതാക്കളെ വയനാട്ടിൽ മത്സരിക്കാൻ പരിഗണിച്ചേക്കുമെന്നാണ് വിവരം. വയനാട്ടിൽ രാഹുലിന് പകരം പ്രിയങ്കാ ഗന്ധി മത്സരിച്ചേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

പാർട്ടി രാഹുൽ ഗാന്ധിയോട് വയനാട് ഒഴിഞ്ഞ് റായ്ബറേലിയിൽ തുടരാൻ നിർദ്ദേശിച്ചത് പ്രായോഗിക കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ്. ഇപ്പോൾ നേടിയ വിജയത്തിന്റെ അന്തരീക്ഷം വയനാട്ടിൽ തുടർന്നാൽ പാർട്ടിക്ക് ലഭിക്കില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലും ഉയർന്നത്. റായ്ബറേലിയിലെ മത്സരമാണ് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തിയതിന് കാരണമെന്നാണ് യുപി നേതാക്കൾ പറയുന്നത്. അതുകൊണ്ട് പിസിസി നേതൃത്വവും രാഹുൽ യുപിയിൽ തുടരണമെന്ന നിർദ്ദേശം ഇവർ മുന്നോട്ടുവെയ്ക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവിയെ തുടർന്ന് ഇടഞ്ഞ കെ മുരുളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. പൊതു ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞ മുരളീധരനെ തിരകെയെത്തിക്കാനുള്ള ശ്രമങ്ങളായിരിക്കും കോൺഗ്രസ് നടത്തുകയെന്നാണ് സൂചന.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അപ്രിയങ്ങളായ സത്യങ്ങൾ കേൾക്കാനും വിമർശനങ്ങൾ ഉൾക്കൊള്ളാനാകില്ലെന്നും ആരും തിരുത്താൻ വരേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകളിലൂടെ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് വണ്ടി ഓടിക്കുന്ന സർക്കാരും മുഖ്യമന്ത്രിയും തീവ്ര വലതുപക്ഷ നിലപാടിലേക്കാണ് പോകുന്നതെന്നാണ് കൂറിലോസ് പറഞ്ഞത്. നികൃഷ്ടജീവി, പരനാറി, വിവരദോഷി തുടങ്ങി നിരവധി വാക്കുകളാണ് മുഖ്യമന്ത്രി നിഘണ്ടുവിലേക്ക് സംഭവാന ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇതൊക്കെ പറയുന്നതെന്ന് ആലോചിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎമ്മിന് ബംഗാളിലും ത്രിപുരയിലും ഉണ്ടായ ജീർണത കേരളത്തിൽ സംഭവിക്കുന്നതിന്റെ വിസ്മയകരമായ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലം. സിപിഎം കേരളത്തിൽ തകരുകയാണ്. ഇത് മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാമെന്നും ഇല്ലെങ്കിൽ തങ്ങൾക്ക് നല്ലതാണെന്നും സതീശൻ അറിയിച്ചു.

സംസ്ഥാന സർക്കാരിനെതിരായി അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായെന്നും പാർട്ടി ഗ്രാമങ്ങളിലടക്കം ഒരുപാട് ഇടങ്ങളിൽ അത്ഭുതപ്പെടുത്തുന്ന വോട്ടിങ് പാറ്റേണാണ് ഉള്ളത്. കെ മുരളീധരനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉചിതമായ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര നേതൃത്വത്തിൽ നിന്നും ഇതുസംബന്ധിച്ച നിർദേശം ലഭിച്ചെന്നാണ് സൂചനകൾ. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച്ച നടക്കും. അന്ന് തന്നെ സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ബിജെപിയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. മുതിർന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവർ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഘടക കക്ഷികളുമായി ചർച്ചകൾ നടത്താൻ നരേന്ദ്രമോദി ഈ നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇത്തവണ അമിത് ഷാ മന്ത്രിസഭയിലുണ്ടാകും. രാജ്‌നാഥ് സിംഗ്, പീയൂഷ് ഗോയൽ, എസ് ജയശങ്കർ, നിർമ്മല സീതാരാമൻ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ തുടരും. ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെ പി നദ്ദ, മുതിർന്ന നേതാക്കളായ മനോഹർലാൽ ഖട്ടർ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും പരിഗണനയിലുണ്ട്. മികച്ച വിജയം നേടിയ യുവ നേതാക്കളായ ബാൻസുരി സ്വരാജ്, തേജസ്വി സൂര്യ, വസുന്ധരെ രാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിംഗ്, ബംഗാൾ ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ എന്നിവരും പരിഗണനയിലുണ്ട്. സഖ്യകക്ഷികളിൽ നിന്നും ചിരാഗ് പാസ്വാൻ കേന്ദ്രമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലല്ല. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടമുണ്ടായില്ല. പക്ഷേ ഇടതുപക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയം അല്ല. കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നു. ബിജെപിക്ക് ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയത് പരിശോധിക്കുന്നു. തോൽവി താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം തെരഞ്ഞെടുപ്പിന് സ്വാധീനിച്ചിരുന്നെങ്കിൽ ഫലം ഇങ്ങനെ ആകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതൊന്നും ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്. കേരള കോൺഗ്രസ് രാജ്യസഭാ സീറ്റ് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരോടുമായി കൂടിയാലോചിച്ച് പൊതുവായി തീരുമാനം ഐക്യകണ്ഠേന സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് പിന്നാലെ സിപിഎമ്മിന് പുതിയ തലവേദന. രാജ്യസഭാ സീറ്റ് ചർച്ച വീണ്ടും സജീവമാകുന്നതാണ് സിപിഎമ്മിന് തലവേദനയാകുന്നത്. രാജ്യസഭാ സീറ്റിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സിപിഐ. ഇക്കാര്യം പാർട്ടി സിപിഎം നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

എൽഡിഎഫിലെ 3 പേരുടെ കാലാവധി ജൂലൈ 1ന് അവസാനിക്കും. എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ മാണി (കേരള കോൺഗ്രസ്-എം) എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. എന്നാൽ, രണ്ടു സീറ്റേ മുന്നണിക്കു ലഭിക്കൂ. ജൂൺ 25നാണ് തിരഞ്ഞെടുപ്പ്. എളമരം കരീമിന്റെ സീറ്റ് സിപിഎം തന്നെ എടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരളാ കോൺഗ്രസും കടുംപിടിത്തം തുടരുകയാണ്. ഇതാണ് സിപിഎമ്മിന് ഇപ്പോഴുള്ള പ്രതിസന്ധി. ജോസ് കെ.മാണിയുടെ എംപി സ്ഥാനം നിലനിർത്താൻ ശക്തമായ നീക്കങ്ങളാണ് കേരളാ കോൺഗ്രസ് നടത്തുന്നത്. രാജ്യസഭാംഗത്വവുമായാണു ജോസ് കെ.മാണിയുടെ പാർട്ടി എൽഡിഎഫിലെത്തിയത്.2018ൽ ജയിച്ച രാജ്യസഭാ സീറ്റ് എൽഡിഎഫ് പ്രവേശത്തിനു പിന്നാലെ 2021 ജനുവരിയിൽ ജോസ് കെ മാണി രാജിവച്ചിരുന്നു.

പാറ്റ്‌ന: ഇത്തവണ ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണയോടെയാണ് കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്താൻ പോകുന്നത്. ഇത്തരത്തിൽ പിന്തുണ നൽകുന്നതിനായി ബിജെപിക്ക് മുന്നിൽ ചില ഉപാധികൾ നിതീഷ് കുമാർ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന മുന്നണി യോഗത്തിലായിരുന്നു ഉപാധികളെ കുറിച്ച് ചർച്ച ചെയ്തതെന്നാണ് വിവരം.

നിതീഷ് കുമാർ മൂന്ന് കാബിനറ്റ് മന്ത്രിമാരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ബീഹാറിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യവും ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു ഡിമാന്റും ജെഡിയുവിനുണ്ട്. കേന്ദ്ര സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച് കൊണ്ടുവന്ന അഗ്നിവീറിൽ മാറ്റം വരുത്തണമെന്ന ആവശ്യം ജെഡിയു മുന്നോട്ടുവെച്ചതായാണ് സൂചന.

സായുധ സേനയുടെ റിക്രൂട്ട്മെന്റിനുള്ള അഗ്‌നിവീർ പദ്ധതി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നാണ് ജെഡിയു വിലയിരുത്തുന്നത്. അഗ്നിവീർ പദ്ധതിയ്ക്ക് കഴിൽ യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നു. ഇതിനുശേഷം, 25 ശതമാനം അഗ്നിവീറുകളെ മാത്രമേ നിലനിർത്തൂ, ബാക്കിയുള്ളവരെ ചില സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി പിരിച്ചുവിടും. അഗ്‌നിവീർ പദ്ധതിയിൽ ഒരു വിഭാഗം വോട്ടർമാർ അസ്വസ്ഥരാണെന്നാണ് ജെഡിയു വക്താവ് കെസി ത്യാഗി അറിയിച്ചത്.

പൊതുസമൂഹം ചോദ്യം ചെയ്ത ആ പോരായ്മകൾ വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നാണ് തങ്ങളുടെ പാർട്ടിയുടെ ആവശ്യം. ജെഡിയു പാർട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രി എന്ന നിലയിലും നിതീഷ് കുമാർ ലോ കമ്മീഷൻ മേധാവിക്ക് കത്തെഴുതിയിരുന്നു. തങ്ങൾ പദ്ധതിക്ക് എതിരല്ല, എന്നാൽ ചില മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.