Politics (Page 19)

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാർ ജൂൺ 9 ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ജൂൺ 9 ന് വൈകുന്നേരം ആറു മണിയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടന്നേക്കുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ജൂൺ 8 ശനിയാഴ്ച്ച സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ എൻഡിഎ മുന്നണി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം നേതാക്കൾ അറിയിച്ചത്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കിയിരുന്നു.

സത്യപ്രതിജ്ഞ കഴിയുന്നതോടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേറുന്ന നേതാവായി മോദി മാറും.

കോഴിക്കോട്: തൃശ്ശൂരിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കെപിസിസി. ഇതിന് വേണ്ടി മുരളീധരനെ നേരിട്ട് കണ്ട് ചർച്ച നടത്താനാണ് കെപിസിസി അധ്യക്ഷനും നിയുക്ത കണ്ണൂർ എംപി.യുമായ കെ സുധാകരന്റെ തീരുമാനം. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് കോഴിക്കോട് വെച്ച് കെ സുധാകരൻ കെ മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഏറ്റുവാങ്ങിയ പരാജയത്തിന് പിന്നാലെ പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുമെന്നായിരുന്നു കെ മുരളീധരൻ അറിയിച്ചിരുന്നത്. മുരളീധരനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനാണ് കോൺഗ്രസ് ഇപ്പോൾ പദ്ധതിയിടുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്നേക്കാവുന്ന വയനാട് സീറ്റാണ് ഫോർമുലയെങ്കിലും ഇത് മുരളീധരൻ ഏറ്റെടുക്കില്ലെന്ന വിവരവും പുറത്തു വരുന്നുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായി എഐസിസി തീരുമാനം വരാൻ സാധ്യതയുണ്ടെന്നിരിക്കെ കെപിസിസി അധ്യക്ഷ സ്ഥാനം അദ്ദേഹം ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചപ്പോൾ എൽഡിഎഫിന്റെ വി എസ് സുനിൽ കുമാർ രണ്ടാം സ്ഥാനത്തുമെത്തി.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനക്കെതിരെ മുരളീധരൻ രംഗത്തെത്തിയിരുന്നു. തോൽവി സംബന്ധിച്ച് ജില്ലാനേതൃത്വത്തോട് വിശദീകരണം തേടുമെന്ന് പിന്നീട് കെ. സുധാകരൻ അറിയിച്ചു.

ന്യൂഡൽഹി: തൽക്കാലം സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ഇല്ലെന്ന തീരുമാനത്തിൽ ഇന്ത്യ മുന്നണി. പ്രതിപക്ഷത്തിരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തീരുമാനമെടുത്തിട്ടുള്ളത്. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന എല്ലാ പാർട്ടികളേയും ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയായിരുന്നു യോഗം ചേർന്നത്. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു. ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയിൽ, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടുവെന്ന് ഖാർഗെ പറഞ്ഞു. ഫലം സുവ്യക്തമായും മോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയരീതികൾക്കും എതിരാണ്. വ്യക്തമായ ധാർമ്മിക പരാജയം എന്നതിലുപരി വ്യക്തിപരമായി അദ്ദേഹത്തിന് ഇത് വലിയ രാഷ്ട്രീയ നഷ്ടമാണ്. എന്നിരുന്നാലും, ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ അട്ടിമറിക്കാനാണ് മോദിയുടെ തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ കോൺഗ്രസിൽ നിന്ന് യോഗത്തിൽ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡിഎംകെ. നേതാവ് ടി ആർ ബാലു, ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ, കൽപന സോറൻ, എൻസിപി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാൽ യാദവ്, അഭിഷേക് ബാനർജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമർ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, എൻ കെ പ്രേമചന്ദ്രൻ, ജി ദേവരാജൻ, ജോസ് കെ മാണി തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.

modi

ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ നിശ്ചയിച്ച് എൻ ഡി എ യോഗം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം നേതാക്കൾ അറിയിച്ചത്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു.

ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കിയിരുന്നു.

അതേസമയം, രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജിക്കത്ത് നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹം രാഷ്ട്രപതിയ്ക്ക് രാജി സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിർദ്ദേശം നൽകുകയായിരുന്നു.

ഇതിനിടെ ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യത്തിലുള്ള ചർച്ചകളിലേക്ക് കടന്നു. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസ് നീക്കം. 99 സീറ്റുകൾ നേടിയ കോൺഗ്രസിന്റെ അവകാശവാദം മുന്നണി യോഗത്തിൽ അംഗീകരിക്കപ്പെടാനാണ് സാധ്യതയെന്നാണ് വിവരം.

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. 20 ലോക്‌സഭാ സീറ്റുകളിൽ നടന്ന മത്സരങ്ങളിൽ 18 എണ്ണത്തിലും വിജയിക്കാൻ യുഡിഎഫിന് കഴിഞ്ഞു. ഇതിൽ പല സ്ഥാനാർത്ഥികളും വിജയിച്ചിരിക്കുന്നത് വലിയ ഭൂരിപക്ഷത്തിലാണ്. പത്ത് സീറ്റുകളിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു.

ഈ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ മണ്ഡലമായിരുന്നു വടകര. 1,14,506 വോട്ടിന്റെ ചരിത്രജയവമാണ് ഇത്തവണ വടകരയിൽ യുഡിഎഫിന്റെ ഷാഫി പറമ്പിൽ നേടിയത്. കോഴിക്കോട് മത്സരിച്ച എം കെ രാഘവൻ 1,46,176 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.

1,08,982 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ എം വി ജയരാജനെ കണ്ണൂരിൽ സുധാകരൻ പരാജയപ്പെടുത്തിയത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ 300118-ന്റെ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ചു. പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനി 235760-ന്റെ വൻ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി.

കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 1,50,302 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് നടന്നു കയറി. 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഡീൻ കുര്യാക്കോസിന്റെ വിജയം. എറണാകുളത്ത് ഹൈബി ഈഡൻ 2,50385 വോട്ടുകളുടെ ഭൂരിപക്ഷത്തിലും കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ 100649 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി 364422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഭുവനേശ്വർ: ഒഡിഷയിലെ ബിജു ജനതാദൾ സർക്കാർ രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് രാജി. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് രാജ്ഭവനിലെത്തി ഗവർണർ രഘുബർ ദാസിന് രാജിക്കത്ത് കൈമാറി.

ബിജെഡി സർക്കാർ 24 വർഷങ്ങൾക്ക് ശേഷമാണ് ഒഡിഷയിൽ അധികാരത്തിൽ നിന്ന് പുറത്താകുന്നത്.ബിജെഡി സംസ്ഥാനത്ത് ഭരണം പിടിക്കുന്നത് 1997ലാണ്. 147 അംഗ നിയമസഭയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ 78 സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. 51 സീറ്റുകൾ ബിജെഡി നേടി. കോൺഗ്രസ് 14 സീറ്റുകൾ പിടിച്ചു. 74 സീറ്റാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 21 സീറ്റിൽ 20 ഉം ബിജെപി പിടിച്ചു. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

തൃശ്ശൂർ: തൃശൂരിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി പദ്മജ വേണുഗോപാൽ. ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്ന് പദ്മജ പറഞ്ഞു. തൃശ്ശൂരിൽ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തൃശ്ശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല. തൃശ്ശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല. നല്ല ആളുകളുടെ കൈയ്യിൽ അധികാരം ഇല്ല. കോൺഗ്രസിൽ അധികാരം കൊക്കാസിന്റെ കൈയ്യിലാണെന്നും പദ്മജ വ്യക്തമാക്കി.

തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്. കെ മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നു. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരൻ. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്‌നേഹത്തിന് ഒരു കുറവും ഇല്ല. മാന്യമായ തോൽവി അല്ല മുരളീധരന്റേതെന്നും അതിൽ വേദന ഉണ്ടെന്നും പദ്മജ അറിയിച്ചു.

തൃശ്ശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചത് എന്ന് അദ്ദേഹം പറയണം. അത് ആരാണെന്നു ഡിസിസി ഓഫിസിന്റെ മതിൽ എഴുതി വെച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്തിയവർ തന്നെ ആണ് സഹോദരൻ മുരളിയേയും തോൽപ്പിച്ചത്. ബിജെപിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോൾ അറിഞ്ഞത്. തെറ്റിദ്ധാരണ ആയിരുന്നു കൂടുതൽ. കോൺഗ്രസ് പറഞ്ഞു ഭയപ്പെടുത്തിയതാണ്. വർഗീയത പറയുന്നത് കോൺഗ്രസ് ആണ്. കേരളത്തിൽ ഇനിയും താമര വിരിയുമെന്നും പദ്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി നേടിയത്. റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഇരു മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന ചർച്ചയാണ് ഇപ്പോൾ കോൺഗ്രസിനുള്ളിൽ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്നാണ് അവിടുത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ നേതാവായ രാഹുൽ ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കേണ്ടതെന്നാണ് അവരുടെ നിലപാട്. റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. വയനാട് ഒഴിഞ്ഞാലും ഉറച്ച മണ്ഡലമെന്ന നിലയിൽ മറ്റൊരാളെ വിജയിപ്പിച്ചെടുക്കാൻ കോൺഗ്രസിന് എളുപ്പമാണെന്ന വിലയിരുത്തലാണ് ഇതിന് കാരണം.

റായ്ബറേലിയും പാർട്ടിയുടെ ഉറച്ച കോട്ടയാണെങ്കിലും വയനാടിനെ അപേക്ഷിച്ച് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലമാണ്. പ്രിയങ്ക ഗാന്ധിയെ ലോക്‌സഭയിൽ എത്തിക്കണമെന്ന ആവശ്യം ശക്തമായതിനാൽ, വയനാട്ടിൽ രാഹുലിന്റെ പകരക്കാരിയായി പ്രിയങ്കാ ഗാന്ധി എത്താനുള്ള സാധ്യതയുമുണ്ട്.

മലപ്പുറം: തൃശൂരിൽ യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തെ കുറിച്ച് പ്രതികരിച്ച് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തൃശൂരിലെ തിരിച്ചടി ആഴത്തിൽ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില മേഖലകളിൽ സിപിഎം വോട്ടും യുഡിഎഫ് വോട്ടും ബിജെപിക്ക് കുറേ പോകുന്നത് മുന്നണികൾ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെ. മുരളീധരൻ നിരാശപ്പെടേണ്ടതില്ല, അദ്ദേഹം മികച്ച ഫൈറ്ററാണ്. ചില ഫൈറ്റ് വിജയിക്കും. ചിലത് പരാജയപ്പെടും. വടകരയിൽ ഇറക്കിയപ്പോൾ അദ്ദേഹം ഫൈറ്റ് ചെയ്ത് വിജയിച്ചിരുന്നു. ഇനിയും ധാരാളം അവസരമുണ്ട്. തൃശൂരിൽ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കിൽ മുരളി വൻ മാർജിനിൽ ജയിക്കുമായിരുന്നു. രാഷ്ട്രീയ എതിരാളികളും സമസ്തയിലെ ചെറിയ ഒരു ന്യൂനപക്ഷവും മാത്രമേ മുസ്ലിം ലീഗിനെതിരെ പ്രചാരണം നടത്തിയിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതല്ലാതെ സമസ്തക്കോ അതിലെ പണ്ഡിതന്മാർക്കോ ഈ കാര്യത്തിൽ പങ്കില്ല. ഇലക്ഷൻ സമയത്ത് വാട്സാപ്പിലൂടെ ചില കുബുദ്ധികൾ വാർത്തയുണ്ടാക്കാൻ ശ്രമിച്ചു എന്നേ ഉള്ളൂ. മലപ്പുറത്തും പൊന്നാനിയിലും സമസ്തയിലെ ലീഗ് വിരുദ്ധർ ഭീഷണി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചയിടങ്ങളിലെല്ലാം ലീഗ് മികച്ച പ്രകടനം കാഴ്ച വെച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാർ. സ്മൃതി ഇറാനിയും അർജുൻ മുണ്ടയും വി മുരളീധരനും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ ഇത്തവണ പരാജയത്തിന്റെ രുചിയറിഞ്ഞു. അമേഠിയിൽ സ്മൃതി ഇറാനി പരാജയപ്പെട്ടത് ബിജെപിയ്ക്ക് വലിയ ക്ഷീണമായിരിക്കുകയാണ്. കേന്ദ്ര ഇലക്ട്രോണിക് – ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കേരളത്തിൽ വലിയ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂരിനോട് 16,000-ത്തിലേറെ വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടത്. അമേഠിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് 1,67,196 വോട്ടുകൾക്കാണ് സ്മൃതി ഇറാനിയ്ക്ക് പരാജയപ്പെടേണ്ടി വന്നത്. ആറ്റിങ്ങലിൽ വി മുരളീധരനും പരാജയപ്പെട്ടു.

കർഷക സമരത്തിനിടെ നടന്ന ലംഖിംപുർ ഖേരി സംഭവത്തിന്റെ പേരിൽ, ജനരോഷം നേരിടേണ്ടിവന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര സമാജ്വാദി പാർട്ടിയിലെ ഉത്കർഷ് വർമയോടാണ് പരാജയപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേതെന്ന് പറയപ്പെടുന്ന വാഹനം ഇടിച്ചുവീഴ്ത്തിയതിനെ ത്തുടർന്നുണ്ടായ സംഘർഷത്തിൽ എട്ടുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് പ്രതിയാണ്. കടുത്ത ജനരോഷം അവഗണിച്ചാണ് അജയ് മിശ്രയെ ലഖിംപുർ ഖേരിയിൽതന്നെ ബിജെപി മത്സരിപ്പിച്ചത്. ഇതി തിരിച്ചടിയാകുകയും ചെയ്തു.

കേന്ദ്രമന്ത്രി അർജുൻ മുണ്ട പരാജയപ്പെട്ടത് കോൺഗ്രസ് സ്ഥാനാർഥി കാളിചരൺ മുണ്ടയോടായിരുന്നു. ഒന്നര ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു തോൽവി. കൈലാഷ് ചൗധരി (ബാർമർ), സുഭാസ് സർക്കാർ (ബങ്കുര), എൽ. മുരുഗൻ (നീലഗിരി), നിസിത് പ്രമാണിക് (കൂച്ച് ബഹാർ), സഞ്ജീവ് ബല്യാൺ (മുസാഫർനഗർ), മഹേന്ദ്രനാഥ് പാണ്ഡെ(ചന്ദൗലി), കൗശൽ കിഷോർ (മോഹൻലാൽ ഗഞ്ച്), ഭഗ്വന്ത് ഖൂബ (ബിദാർ), രാജ് കപിൽ പാട്ടീൽ (ഭിവാൺഡി) തുടങ്ങിയവരാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന മറ്റ് കേന്ദ്രമന്ത്രിമാർ.