ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലല്ല; ഇ പി ജയരാജൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലല്ല. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടമുണ്ടായില്ല. പക്ഷേ ഇടതുപക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയം അല്ല. കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നു. ബിജെപിക്ക് ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയത് പരിശോധിക്കുന്നു. തോൽവി താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം തെരഞ്ഞെടുപ്പിന് സ്വാധീനിച്ചിരുന്നെങ്കിൽ ഫലം ഇങ്ങനെ ആകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതൊന്നും ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്. കേരള കോൺഗ്രസ് രാജ്യസഭാ സീറ്റ് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരോടുമായി കൂടിയാലോചിച്ച് പൊതുവായി തീരുമാനം ഐക്യകണ്ഠേന സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.