തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ എംഎൽഎമാർ സംസ്ഥാന നിയമസഭയിലെ അംഗത്വത്തിൽ നിന്ന് രണ്ടാഴ്ചയിൽ താഴെ സമയത്തിനുള്ളിൽ രാജിവെയ്ക്കണം. തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ചിലർ ഒന്നിലധികം മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്. ചിലർ ഇതിനകം രാജ്യസഭയിലോ ഒരു സംസ്ഥാനത്തിന്റെ നിയമസഭയിലോ അംഗങ്ങളാണ്. ഈ എംപിമാർ അവരുടെ സീറ്റുകളിലൊന്ന് ഒഴിയണം. ഭരണഘടന പ്രകാരം, ഒരു വ്യക്തിക്ക് ഒരേസമയം പാർലമെന്റിന്റെ ഇരുസഭകളിലും (അല്ലെങ്കിൽ ഒരു സംസ്ഥാന നിയമസഭ), അല്ലെങ്കിൽ പാർലമെന്റിലും ഒരു സംസ്ഥാന നിയമസഭയിലും അംഗമാകാനോ ഒരു സഭയിൽ ഒന്നിൽ കൂടുതൽ സീറ്റുകളെ പ്രതിനിധീകരിക്കാനോ കഴിയില്ല. Prohibition of Simultaneous Membership Rules, 1950, പ്രകാരം അത്തരത്തിൽ ജയിച്ച പാർലിമെന്റ് അംഗങ്ങൾ ഒരു അംഗത്വം രാജി വെക്കണം. ഈ നിയമപ്രകാരം, ഒരു അംഗം സംസ്ഥാന നിയമസഭയിൽ നിന്നോ പാർലമെന്റിൽ നിന്നോ മറ്റൊരിടത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ രാജിവയ്ക്കുന്ന കാലയളവ് ഇന്ത്യയുടെ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പതിനാല് ദിവസമാണ്.
നിയമസഭാ സീറ്റ് 14 ദിവസത്തിനകം രാജിവെക്കാത്തപക്ഷം, നിയമസഭയിലും പാർലമെന്റിലും അംഗമായ വ്യക്തിക്ക് ലോക്സഭയിലെ അംഗത്വം നഷ്ടപ്പെടും എന്നതാണ് ചട്ടത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചത് രണ്ട് എംഎൽഎമാരാണ്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ മന്ത്രിയും ചേലക്കര എംഎൽഎയുമാണ്. വടകര മണ്ഡലത്തിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ ആണ്. ഇവർ രണ്ടു പേരും നിയമസഭയിൽ നിന്നും രാജിവെയ്‌ക്കേണ്ടി വരും.

