Politics (Page 17)

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് വിശദമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെൻഷൻ അടക്കം സാധാരണക്കാരായ ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് സാധിക്കാത്തത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളുന്നുവെന്നും സൂക്ഷ്മമായി പരിശോധിച്ച് തോൽവിക്ക് അടിസ്ഥാനമായ കാര്യങ്ങൾ കണ്ടെത്തി തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരിന്തൽ മണ്ണയിൽ നടന്ന ഇഎംസിന്റെ ലോകം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ, ഇല്ല തോറ്റു. അപ്പോൾ ഇനി എന്താ നമ്മൾ വേണ്ടത്. എന്തുകൊണ്ട് തോറ്റു എന്നത് നല്ലതുപോലെ കണ്ടുപിടിക്കണം. ഒരുപാട് അഭിപ്രായങ്ങൾ വരുന്നുണ്ട്. ആളുകൾ ഫോൺ വിളിച്ച് പറയുന്നുണ്ട്, കത്തെഴുതിയിട്ടുണ്ട്, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എല്ലാം സ്വീകരിക്കുന്നു. എല്ലാം സൂക്ഷ്മമായി പരിശോധിച്ച് എന്തൊക്കെ ഏതൊക്കെ രീതിയിലാണ് തോൽവിക്ക് അടിസ്ഥാനമായ കാര്യങ്ങൾ കണ്ടെത്തി തിരുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ ഉപരോധം പോലെ സംസ്ഥാന സർക്കാരിനെ കൈകാര്യം ചെയ്യുകയാണ്. 57000 കോടി രൂപ കഴിഞ്ഞ വർഷം തരേണ്ടത് തന്നിട്ടില്ല. കിട്ടേണ്ട 7000 കോടി രൂപയും ലഭിച്ചിട്ടില്ല. ഇത്തവണയും അതുതന്നെ ആയിരിക്കും. സുപ്രീം കോടതിയിൽ പോയതുകൊണ്ടാണ് മൂവായിരം കോടി രൂപ കിട്ടിയത്. ഇനിയും നിയമയുദ്ധം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൽപ്പറ്റ: രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന കാര്യം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്ന് കെ സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, വയനാടുമായുള്ള തന്റെ ബന്ധം തെരെഞ്ഞെടുപ്പിന് അതീതമാണെന്നാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടത്തിയത്. ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

കൽപ്പറ്റ: ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടത്തിയതെന്ന് കോൺഗ്രസ് നേതാവും നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാൻ എത്തിയതായിരുന്നു അദ്ദേഹം.

വയനാട് തുടരണോ റായ് ബറേലി തുടരണോയെന്ന വലിയൊരു ധർമ സങ്കടത്തിലാണ് താൻ. ഒരു സാധാരണ മനുഷ്യനാണ് താൻ. അന്വേഷണ ഏജൻസികൾ കയ്യിലുള്ളത് എന്തും ചെയ്യാനുള്ള അധികാരമായി ചിലർ കണ്ടു. രാജ്യത്തെ ജനങ്ങൾ അവർക്ക് കാര്യം മനസിലാക്കി കൊടുത്തു. ഭരണഘടന തങ്ങളുടെ അഭിമാനമാണ്. അതിൽ തൊട്ടു കളിക്കരുതെന്ന് രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തി. ധാർഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടർമാർ തോൽപ്പിച്ചത്. ബിജെപി അയോധ്യയിൽ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ സമ്പൂർണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും. തനിക്ക് താൻ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പരമാത്മാവ് പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നു. തന്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. തന്റെ ദൈവം വയനാട്ടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും താൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തി ഘടകക്ഷിയായ ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാർ. എൽഡിഎഫ് മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആർജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭാ അംഗത്വവുമായാണ് 2018 ൽ ഞങ്ങൾ മുന്നണിയിൽ എത്തിയത്. 2019 ൽ തങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു. എന്നാൽ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സിപിഐ തയ്യാറാകണമായിരുന്നുവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങൾ, ക്ഷണിച്ചിട്ട് വന്നതാണ്. ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തിൽ ബിജെപിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബിജെപിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസർക്കാരിൽ മന്ത്രിയാണ്. സംസ്ഥാനത്ത് ആർജെഡിക്ക് മന്ത്രിപദവി വേണം. തങ്ങളുടെ ആവശ്യം ന്യായമാണ് പരിഗണിക്കണം. എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികൾ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാൻ കഴിയാതിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഡിഎസിന് നൽകുന്ന പരിഗണന പോലും മുന്നണിയിൽ തങ്ങൾക്ക് നൽകുന്നില്ല. ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാർട്ടിയാണ് ആർജെഡി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിഎസ് ഒരേ കൊടിയാണ് രാജ്യത്തെമ്പാടും ഉപയോഗിച്ചത്. പ്രവർത്തകർ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവിൽ അജണ്ടയിലില്ല. ഇനിയങ്ങോട്ട് തങ്ങളുടെ ആവശ്യം പരിഗണിക്കണം. യുഡിഎഫിൽ പരിഗണന കിട്ടിയെന്ന് പറയുന്നില്ല. എൽഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഒറ്റയ്ക്ക് നിന്നാൽ പോരേയെന്ന് പ്രവർത്തകർ ചോദിക്കുന്നുണ്ട്. യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ലെന്നും എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ശബ്ദമുയർത്തി രംഗത്തെത്തി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നു. കെ കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞത്. എവിടെ നിന്നാലും ജയിക്കുമെന്ന് പറയുന്നത് മാധ്യമങ്ങൾ. താൻ അങ്ങനെ വിശ്വസിക്കില്ലെന്നും ജി സുധാകരൻ അറിയിച്ചു.

സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകണമായിരുന്നു. മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തിൽ എത്തിയത്. ഒരാൾ വിചാരിച്ചാൽ മാത്രം എല്ലാവരെയും അടക്കിനിർത്താൻ കഴിയില്ല. വീഴ്ച വന്നാൽ പറയണം. എന്തിനാണ് പേടിക്കുന്നത്. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിൽ നിന്ന് ലോക്സഭാംഗമായി ഷാഫി പറമ്പിൽ വിജയിച്ചിരുന്നു. തുടർന്നാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

ഷാഫി പറമ്പിൽ രാജിവെച്ചതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്.

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രധാന നയതീരുമാനങ്ങൾ, ആണവോർജം, ബഹിരാകാശം, പഴ്‌സണൽ, പൊതുപരാതി പരിഹാരവും പെൻഷനും, മറ്റു മന്ത്രിമാർക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകൾ തുടങ്ങിയ ചുമതലകളുണ്ട്.

അമിത് ഷായ്ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. എസ് ജയശങ്കറിനാണ് വിദേശകാര്യ വകുപ്പിന്റെ ചുമതല. രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പും നിതിൻ ഗഡ്കരിയ്ക്ക് ഉപരിതല ഗതാഗഗ വകുപ്പും നിർമല സീതാരാമൻ ധനകാര്യ വകുപ്പും നൽകി. കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പാണ് നൽകിയത്. ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ ചുമതലകളാണ് നൽകിയിരിക്കുന്നത്.

30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്.

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും ഏതൊക്കെയാണെന്ന് നോക്കാം

രാജ്‌നാഥ് സിങ്: പ്രതിരോധം

അമിത് ഷാ: ആഭ്യന്തരം, സഹകരണം

നിതിൻ ഗഡ്കരി: ഉപരിതല ഗതാഗതം

ജെ.പി.നഡ്ഡ: ആരോഗ്യം, കുടുംബക്ഷേമം, രാസവളം

ശിവരാജ് സിങ് ചൗഹാൻ: കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം

നിർമല സീതാരാമൻ: ധനം, കോർപറേറ്റ് അഫയേഴ്‌സ്

എസ്.ജയശങ്കർ: വിദേശകാര്യം

മനോഹർ ലാൽ ഖട്ടർ: ഭവനം, ഊർജം, നഗരവികസനം

എച്ച്.ഡി.കുമാരസ്വാമി: ഉരുക്ക്, ഖന വ്യവസായം

പീയുഷ് ഗോയൽ: വാണിജ്യം, വ്യവസായം

ധർമേന്ദ്ര പ്രധാൻ: വിദ്യാഭ്യാസം

ജിതൻ റാം മാഞ്ചി: ചെറുകിട, ഇടത്തരം വ്യവസായം

രാജീവ് രഞ്ജൻ സിങ്: പഞ്ചായത്ത് രാജ്, ഫിഷറീസ്, മൃഗസംരക്ഷണം

സർബാനന്ദ സോനോവാൾ: തുറമുഖം, ഷിപ്പിങ്, ജലം

ഡോ. വീരേന്ദ്രകുമാർ: സാമൂഹികനീതി, ശാക്തീകരണം

രാം മോഹൻ നായിഡു: വ്യോമയാനം

പ്രൾഹാദ് ജോഷി: ഭക്ഷ്യ പൊതുവിതരണം, ഉപഭോക്തൃകാര്യം , പുനരുപയോഗ ഊർജം

ജുവൽ ഓറം: ഗോത്രകാര്യം

ഗിരിരാജ് സിങ്: ടെക്‌സ്‌റ്റൈൽസ്

അശ്വിനി വൈഷ്ണവ്: റെയിൽവേ, വാർത്താവിനിമയം, ഇലക്ട്രോണിക്‌സ്, ഐടി

ജ്യോതിരാദിത്യ സിന്ധ്യ: കമ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ഭൂപേന്ദർ യാദവ്: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം

ഗജേന്ദ്ര സിഖ് ഷെഖാവത്ത് – സാംസ്‌കാരികം, ടൂറിസം

അന്നപൂർണ ദേവി: വനിത, ശിശുക്ഷേമം

കിരൺ റിജിജു: പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം

ഹർദീപ് സിങ് പുരി: പെട്രോളിയം, പ്രകൃതിവാതകം

മൻസൂഖ് മാണ്ഡവ്യ: തൊഴിൽ, യുവജനകാര്യം, കായികം

ജി.കിഷൻ റെഡ്ഡി: കൽക്കരി, ഖനി

ചിരാഗ് പാസ്വാൻ: ഭക്ഷ്യസംസ്‌കരണ വ്യവസായം

സി.ആർ.പാട്ടീൽ: ജലശക്തി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

ഡോ. ജിതേന്ദ്ര സിങ്: സയൻസ്, ടെക്‌നോളജി, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതല, ആണവോർജം, ബഹിരാകാശം, പഴ്‌സനേൽ, പൊതുപരാതി പരിഹാരവും പെൻഷനും

റാവു ഇന്ദർജിത് സിങ്: സ്റ്റാറ്റിക്‌സ്, പദ്ധതി നിർവഹണം, ആസൂത്രണം, സാംസ്‌കാരികം

അർജുൻ റാം മേഘ്‌വാൾ: നിയമവും നീതിയും, പാർലമെന്ററികാര്യം

ജാദവ് പ്രതാപ്റാവു ഗണപതി റാവു- ആയുഷ്, ആരോഗ്യം, കുടുംബക്ഷേമം

ജയന്ത് ചൗധരി: നൈപുണ്യ വികസനം, സംരംഭകത്വം, വിദ്യാഭ്യാസം.

തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച്ച ചെയ്ത് സിപിഎം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കാനാണ് തീരുമാനം. എൽഡിഎഫ് മുന്നണിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

ജോസ് കെ മാണി കേരള കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം. രാജ്യസഭയിലും ലോക്സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാർട്ടിയെ സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കുന്നതാണെന്നായിരുന്നു ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ മാണി മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സാധാരണ രാജ്യസഭാ സീറ്റിൽ ഘടക കക്ഷികൾക്കുവേണ്ടി സീറ്റ് വിട്ടുകൊടുക്കുന്ന രീതി സിപിഎമ്മിനില്ല.

മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സിപിഎമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചത്.

തിരുവനന്തപുരം: 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുള്ള എക്സിലെ കുറിപ്പ് പിൻവലിച്ച് രാജീവ് ചന്ദ്രശേഖർ പിൻവലിച്ചു. എംപിയെന്ന നിലയിലും രണ്ടാം മോദി സർക്കാരിലെ മന്ത്രിയെന്ന നിലയിലുമുള്ള 18 വർഷത്തെ പൊതുസേവനം അവസാനിച്ചു എന്നാണ് പുതിയ ട്വീറ്റിൽ. രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരിക്കുന്നത്. താൻ നേരത്തെ ഇട്ട കുറിപ്പ് തന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ച് ഒരു വിഭാഗം ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും അക്കാരണത്താൽ ആ ട്വീറ്റ് നീക്കം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപി പ്രവർത്തകനെന്ന നിലയിൽ രാജ്യത്തെയും തിരുവനന്തപുരത്തെയും മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനം അക്ഷീണം തുടരുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പാണ് രാജീവ് ചന്ദ്രശേഖർ ആദ്യം പങ്കുവെച്ചിരുന്നത്. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപായിരുന്നു ഈ കുറിപ്പ് പോസ്റ്റു ചെയ്തത്.

രണ്ടാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ ഇത്തവണ തിരുവനന്തപുരത്ത് നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇത്തവണ അദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശഖറിന്റെ കുറിപ്പ് ചർച്ചയായത്. തന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ താൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എന്റെ അഗാധമായ നന്ദി- ഇതായിരുന്നു അദ്ദേഹം ആദ്യം പങ്കുവെച്ച വാക്കുകൾ.

തിരുവനന്തപുരം: സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്ന ജോർജ് കുര്യൻ ഏതു സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുമെന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കെ സി വേണുഗോപാൽ ലോക്‌സഭയിലേക്ക് വിജയിച്ചതോടെ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് രാജിവയ്ക്കും. ഈ സീറ്റ് വേണമെങ്കിൽ ജോർജ് കുര്യന് ലഭിച്ചേക്കാം.

അതല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്തു നിന്നും പരിഗണിക്കപ്പെടാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാനാണ് രാജ്യസഭാ സീറ്റ് ഒഴിയാൻ കെ സി വേണുഗോപാലും കോൺഗ്രസും തീരുമാനിച്ചത്.

2026 ജൂൺ 21 വരെയായിരുന്നു വേണുഗോപാലിന്റെ രാജ്യസഭാ കാലാവധി. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ വൈകാതെ രാജിവയ്ക്കും. ശേഷിച്ച കാലത്തേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിക്ക് ഈ സീറ്റ് ലഭിക്കുന്നതാണ്.

കഴിഞ്ഞ ദിവസമാണ് ജോർജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.