ഇന്ത്യ മുന്നണിക്കുള്ളിൽ വീണ്ടും കല്ലുകടി; ഛത്തീസ്ഗഡിലെ സ്‌കൂളുകളുടെ നിലവാരമുയർത്താൻ അധികാരമാറ്റം വേണമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ഇന്ത്യ മുന്നണിക്കുള്ളിൽ വീണ്ടും കല്ലുകടി. ഡൽഹിയിലെ സീറ്റുവിഭജന വിവാദത്തിന് പിന്നാലെ എഎപി കോൺഗ്രസ് ഇടച്ചിൽ വ്യക്തമാക്കുന്ന പുതിയ പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാൾ രംഗത്തെത്തി. ഛത്തീസ്ഗഡിലെ സ്‌കൂളുകളുടെ നിലവാരമുയർത്താൻ അധികാരമാറ്റം വേണമെന്ന കേജ്രിവാളിന്റെ പ്രസ്താവനയാണ് ‘ഇന്ത്യ’ മുന്നണിക്കുള്ളിൽ ഭിന്നത സൃഷ്ടിച്ചത്.

ഛത്തീസ്ഗഡിലെ സർക്കാർ സ്‌കൂളുകൾ ശോചനീയവസ്ഥയിലാണെന്നുള്ള റിപ്പോർട്ടു കണ്ടു. നിരവധി സ്‌കൂളുകൾ അവർ അടച്ചുപൂട്ടി. അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. എന്നാൽ ഡൽഹിയിലെ സ്‌കൂളുകൾ നോക്കൂ, വിദ്യാഭ്യാസ മേഖലയ്ക്കായി ഇത്രയധികം പ്രവർത്തിക്കുന്ന മറ്റൊരു സർക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. തങ്ങൾ രാഷ്ട്രീയക്കാരല്ല, നിങ്ങളേപ്പോലെ സാധാരണക്കാരാണെന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം.

അതേസമയം, ഛത്തീസ്ഗഡിനെ ഡൽഹിയുമായി താരതമ്യം ചെയ്യുന്നത് എന്തിനെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. ഛത്തീസ്ഗഡിൽ നേരത്തെ ഭരണത്തിലിരുന്ന രമൺ സിങ് സർക്കാരുമായല്ലേ താരതമ്യം നടത്തേണ്ടതെന്നും ഖേര വ്യക്തമാക്കി.