പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് ജെയ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സൈഡ് പ്ലെയർ അല്ലെന്നും അദ്ദേഹം മണ്ഡലത്തിലെത്തുന്നത് വിവാദങ്ങൾക്ക് മറുപടി പറയാനല്ലെന്നും ജെയ്ക് സി തോമസ് അറിയിച്ചു.

അതിനുവേണ്ടി കളയാൻ ഒരു ഇടത് പ്രവർത്തകനും സമയമില്ല. പുതുപ്പള്ളിയിൽ യുഡിഎഫിന് വോട്ടിന് വേണ്ടി ഓടേണ്ടിവരുന്നു. സ്ഥാനാർത്ഥിയുടെ ഓട്ടം അതാണ് സൂചിപ്പിക്കുന്നത്. വികസനം മുൻനിർത്തിയാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മാസപ്പടി അടക്കമുള്ള വിവാദങ്ങൾക്ക് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ മറുപടി നൽകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഭരണകൂടം ജനങ്ങളെ ഭരിക്കുകയല്ല ഭയപ്പെടുകയാണ് വേണ്ടത്. സ്ഥാനാർഥി എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുന്നത് എതിർ സ്ഥാനാർത്ഥിയല്ല. ഉറുമ്പ് നടക്കുന്നത് പോലെ യുഡിഎഫ് സ്ഥാനാർഥി പോകണം എന്നാണോ എൽഡിഎഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.