സ്വകാര്യ കമ്പനികൾക്ക് ഹൈവേയുടെ പരിപാലന ചുമതല നൽകാനൊരുങ്ങി സർക്കാർ

ന്യൂ ഡൽഹി : ദേശീയ പാതയിൽ ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ പിരിവ് നടപ്പാക്കാനൊരുങ്ങി സർക്കാർ. ദേശീയപാതകളുടെ നിർമാണം സർക്കാർ പൂർത്തിയാക്കിയ ശേഷം നിശ്ചിത കാലയളവിലേക്ക് ടോൾ തുക ഈടാക്കാനും അറ്റകുറ്റപ്പണി നടത്താനും സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന പദ്ധതിയാണിത്. നിലവിൽ ടോൾ പിരിവ് മാത്രമാണ് സ്വകാര്യ കമ്പനികൾക്ക് നൽകി വന്നിരുന്നത്. ടോൾ പിരിച്ച് ദേശീയപാതയ്ക്ക് കൈമാറിയിരുന്ന ബി ഒ ടി വ്യവസ്ഥയ്‌ക്കെതിരെ പരാതികൾ വർധിക്കുന്നത് കൊണ്ടാണ് ടി ഒ ടി മോഡൽ നടപ്പാക്കാൻ സർക്കാരൊരുങ്ങുന്നത്.

85000 കോടിയുടെ വരുമാനം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിൽ സാമ്പത്തിക ക്യാബിനറ്റ് കമ്മിറ്റിയിൽ നിന്ന് അംഗീകാരവും ലഭിച്ച് കഴിഞ്ഞു. 25 മുതൽ 30 വർഷത്തേക്കുള്ള കരാറിൽ ലേലം വിളിച്ച ശേഷം നിശ്ചിത തുക ടെൻഡർ ക്ഷണിച്ചായിരിക്കും റീച്ചുകൾ കൈമാറുന്നത്. റോഡ് നിർമാണവും പരിപാലനവും നടത്തേണ്ടത് ദേശീയ പാത അതോറിറ്റിക്ക് നഷ്ടമുണ്ടാക്കുന്നത് കൊണ്ടാണ് ടി ഒ ടി മോഡൽ നടപ്പാക്കുന്നത്. നിർമാണം ദേശീയ പാത അതോറിറ്റി നേരിട്ട് നടത്തുന്നതിനാൽ അപാകതകൾ ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.