മാത്യു കുഴൽനാടന്റെ സത്യസന്ധതയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് സുധാകരൻ ചോദിക്കുന്നു. എത്ര അന്വേഷണ ഏജൻസികളെ പുറകെ വിട്ടാലും, മാത്യുവിന്റെ സത്യസന്ധതയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ അനധികൃതമായി കൈപ്പറ്റിയതായി രേഖകൾ പുറത്തുവരുന്നത് .ആ പണം എങ്ങനെ സ്വന്തമായെന്നോ ,ആ പണത്തിന് നികുതി അടച്ചെന്നോ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ മകൾക്കോ മുഖ്യമന്ത്രിക്കോ മകളുടെ ഭർത്താവിനോ കഴിയാതെ പോകുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പോലും കഴിയാതെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എഴുന്നേറ്റ് ഓടിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വിജയന്റെ മടിയിൽ കനമുണ്ട്. അതിന്റെ പേരിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒന്നടങ്കം ഭയപ്പെടുകയാണ്. മാത്യു കുഴൽനാടൻ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങൾക്ക് തന്റേടം ഉണ്ടെങ്കിൽ സിപിഎം സംസ്ഥാന നേതൃത്വം ഉത്തരം പറയണം .’ചോരപ്പുഴകൾ നീന്തികേറി ‘ എന്നൊക്കെ കള്ളക്കഥകൾ പറഞ്ഞ് അണികളെ രോമാഞ്ചപ്പെടുത്തുന്ന മുഖ്യമന്ത്രി ഒരു യുവ എംഎൽഎയുടെ ചോദ്യങ്ങളെ ഭയന്ന് ക്ലിഫ്ഹൗസിന്റെ അട്ടത്ത് കേറി ഒളിച്ചിരിക്കുകയാണ്. ജീവിതത്തിൽ അല്പമെങ്കിലും സത്യസന്ധതയുണ്ടെങ്കിൽ ആരോപണങ്ങൾക്ക് ഉത്തരം പറയണം പിണറായി വിജയനെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.

കൈയ്യിലുള്ള അന്വേഷണ ഏജൻസികളെ വിട്ട് ഭയപ്പെടുത്തിയാൽ നെഞ്ചുവേദന അഭിനയിച്ച് ബോധംകെട്ട് വീഴുന്ന രാഷ്ട്രീയക്കാരെ ആയിരിക്കും സിപിഎം നേതാക്കൾ കണ്ടിട്ടുണ്ടാകുക. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് . പിണറായി വിജയന്റെ ഉമ്മാക്കികൾക്ക് പുല്ലുവില പോലും കൽപ്പിക്കാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.