തോന്നുന്നത് വിളിച്ചു പറഞ്ഞിട്ട് ആരോപണം തെറ്റുമ്പോൾ വീണിടത്ത് കിടന്നുരുളുകയാണ് കുഴൽനാടനെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം : സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട മാത്യു കുഴൽനാടൻ എംഎൽഎയുടെ പുതിയ ആരോപണത്തിൽ പ്രതികരണവുമായി റിയാസ് രംഗത്തെത്തി. കുഴൽ നാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വിളിച്ചുപറയുകയും ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്നുരുളുകയാണെന്നും റിയാസ് വിമർശിച്ചു.

നീതിക്കൊപ്പം നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും പിണറായി വിജയന്റെ മകൾ ആയതുകൊണ്ടല്ല നിരപരാധി ആയതുകൊണ്ടാണ് വീണയുടെ ഒപ്പം പാർട്ടി നിൽക്കുന്നതെന്നും റിയാസ് വ്യക്തമാക്കി. ഓരോരുത്തരായി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. നിയമ നടപടികൾ അതിന്റേതായ രീതിയിൽ നടക്കുമ്പോൾ സത്യാവസ്ഥ അറിയാൻ കഴിയും.

നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങളെല്ലാം സുതാര്യമാണ്. തുടർ ഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങളുന്നയിച്ചു മുന്നിൽ വരുന്നത്. ഇത്തരത്തിലുള്ള ആളുകൾ മരുന്നു കഴിക്കുന്നതാവും നല്ലത്. ആരോപണങ്ങളിൽ മിണ്ടിയാലും ഇല്ലെങ്കിലും അതെല്ലാം വാർത്തയാക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.