പഞ്ഞത്തിന്റെ കർക്കിടക നാളുകൾ അകന്നു. ഇന്നുമുതൽ 10 ദിവസത്തേക്ക് ഓരോ മലയാളികളുടെ വീടുകളിലും അത്തപ്പൂക്കളം നിറയും. തിരുവോണ ദിവസം വരെ നീണ്ടുനിൽക്കുന്ന 10 ദിവസത്തെ ഓണാഘോഷത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഇനി പൂക്കൾ പറിച്ച് പൂക്കളം തീർത്തും ഓണപ്പുടവ അണിഞ്ഞ് ഓണസദ്യയുണ്ണാനുമുള്ള ഓണാഘോഷങ്ങളിലേക്കുള്ള നാളുകളാണ്. ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തറയിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമായി.
വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തറ ബോയ്സ് സ്കൂളിൽ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത് നടൻ മമ്മൂട്ടിയാണ്. വിവിധ ജില്ലകളിൽ നിന്നുള്ള ഫ്ലോട്ടുകളും നാടൻ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. കർശനമായ ഹരിത ചട്ടം പാലിച്ച് അത്തച്ചമയം ഹരിതച്ചമയം എന്ന പേരിലാണ് ഘോഷയാത്രയും ഈ വട്ടത്തെ ഓണാഘോഷവും സംഘടിപ്പിക്കുന്നത്.

