ചർച്ച നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്; അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി പുന:സംഘടനയിൽ പ്രതികരണവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോൾ കിട്ടിയത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ല. തന്റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, അധീർ രഞ്ജൻ ചൗധരി, തുടങ്ങിയവർ പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ശശി തരൂരും എ കെ ആന്റണിയും പ്രവർത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാണ്. കൊടിക്കുന്നിൽ സുരേഷ് പ്രത്യേക ക്ഷണിതാവായി.

ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇതിനു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തി. സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്.