Politics (Page 117)

ഇടുക്കി : ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. കോടതിയുടെ ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഉടുമ്പൻ ചോല എൽ ആർ തഹസീദാർ നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതോടെ സിപിഎം പണികളെല്ലാം നിർത്തിവച്ചു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സി പിഎമ്മിന്റെ ഇടുക്കി ശാന്തൻപാറയിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിവരെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇരുപതോളം തൊഴിലാളികളെത്തി നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ രണ്ടാമത്തെ നിലയിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായുള്ള കതകുകളും ജനാലകളും വരെ വെച്ച് കഴിഞ്ഞിരുന്നു. നിർമാണം നിർത്തിവയ്‌ക്കാൻ കോടതിയുടെയോ കലക്ടരുടെയോ നിരോധന ഉത്തരവ് കൈയ്യിൽ കിട്ടിയിട്ടില്ലെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നുമായിരുന്നു ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ പ്രതികരണം.

‘ഭൂനിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ സാധാരണമാവും. റോഡ് നിർമ്മാണത്തിനായി ഓഫീസ് വരെ പൊളിച്ചു കൊടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം ‘ എന്നും വർഗീസ് പ്രതികരിച്ചു. റവന്യൂ വകുപ്പിന്റെ എൻ ഒ സി ലഭിച്ചില്ലെന്ന കാരണത്താലായിരുന്നു ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

കോട്ടയം : മൃഗസംരക്ഷണ വകുപ്പിലെ ജോലിക്കാരിയെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിച്ച് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. താൽക്കാലിക ജീവനക്കാരിയായ സതീദേവിയെ വീട്ടിലെത്തി സന്ദർശിച്ച ചാണ്ടി ഉമ്മൻ പ്രതിപക്ഷത്തിന്റെ സഹായങ്ങൾ അവർക്കൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടരുതെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.

അതേസമയം മൃഗസംരക്ഷണ വകുപ്പിൽ നിന്ന് താൽക്കാലിക ജീവനക്കാരിയെ പിരിച്ച് വിട്ട സംഭവം അറിഞ്ഞില്ലെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രതികരണം. വി എസിന്റെ കാലത്തും പിണറായിയുടെ കാലത്തും ഉമ്മൻചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ സിപിഐഎം തടസ്സപ്പെടുത്തിയെന്ന് ചാണ്ടി ഉമ്മൻ വിമർശിച്ചു. മണ്ഡലത്തിൽ വികസനങ്ങൾ മുരടിക്കുന്നതിന് കാരണം ഇടതുപക്ഷമാണെന്നും തലപ്പാടിയിലെ സൂപ്പർ സ്പെഷ്യാലിറ്റിയുടെ വികസനവും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനവും ഭരണപക്ഷം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിൽ സതീദേവിക്ക് ജോലി പോയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്. ഈ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ‘ഇടതുപക്ഷം സാങ്കേതികത്വം പറയുമ്പോൾ ഞങ്ങൾ മനുഷ്യത്വമാണ് പറയുന്നത്. ഇന്നലെവരെ 8000 രൂപ മാസ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന സതീദേവി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന് പിറ്റേ ദിവസമാണ് പിരിച്ചുവിടപ്പെട്ടത്’ എന്നുമായിരുന്നു സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അമിക്കസ് ക്യൂറിയായ രഞ്ജിത് മാരാരിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി ഹൈക്കോടതി. രഞ്ജിത്തുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. രഞ്ജിത്ത് മാരാരിന് ദീലീപുമായുള്ള പണമിടപാടുകളുടെ രേഖകൾ പ്രോസിക്യൂഷൻ കൈമാറിയതോടുകൂടിയാണ് അമിക്കസ് ക്യൂറിയെ ഒഴിവാക്കാൻ കോടതി തീരുമാനമെടുത്തത്. അതേ സമയം ദിലീപുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിനാൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് മാരാർ ഹൈക്കോടതിയിൽ കത്ത് നൽകി.

മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് ദിലീപ് ഹർജി നൽകിയിരുന്നു. തുടർന്ന് ദിലീപിന്റെ ഹർജി തള്ളിയ കോടതി വിധി പറയാനുള്ള തീയതി മാറ്റി വച്ചിരുന്നു. പിന്നീട് കേസിൽ കോടതിയെ സഹായിക്കാനായിരുന്നു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചത്. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പ്രഥമ ദൃഷ്ടിയാൽ തന്നെ തെളിവുണ്ടെന്നും തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നുമായിരുന്നു അതിജീവിതഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.

തൃശൂർ : നോട്ട് നിരോധന സമയത്ത് കരുവന്നൂർ ബാങ്കിലേക്ക് എത്തിയ വൻ നിക്ഷേപത്തിന്റെ വിവരങ്ങൾ തേടുകയാണ് ഇ ഡി. ഇതിന്റെ ഭാഗമായി ചേർപ്പിലെ സ്വർണ്ണ വ്യാപാരി അനിൽ സേട്ടിന്റെയും സതീശൻ വെളപ്പായുടെയും വീടുകളിൽ ഇ ഡി പരിശോധന നടത്തി. ബാങ്കിലേക്ക് വൻതോതിൽ എത്തിയ നിക്ഷേപത്തിൽ നിന്നും നിരോധിച്ച നോട്ടുകൾ മാറ്റിയെടുത്തെന്ന സൂചന ഇ ഡി യ്ക്ക് ലഭിച്ചതിന് തുടർന്നാണ് പരിശോധന നടത്തിയത്.

2015- 16 കാലഘട്ടത്തിൽ ബാങ്കിൽ 405 കോടിയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. 2016- 17 കാലഘട്ടത്തിൽ ഇത് 96 കോടി കൂടി 501 കോടിയായി മാറിയിരുന്നു. നോട്ട് നിരോധനം ഉണ്ടായ നവംബറിൽ ആയിരുന്നു നിക്ഷേപം ഇത്തരത്തിൽ കുമിഞ്ഞുകൂടിയത്. 2017- 18 കാലഘട്ടത്തിൽ ഇത് 405 കോടിയായ ശേഷം അടുത്തവർഷം 340 കോടിയായി കുറഞ്ഞു. ബാങ്കിൽ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതോടെ ഇത് 301 കോടിയായി മാറി. ബാങ്കിൽ നിന്നും അഞ്ചു വർഷത്തിനിടെ 200 കോടി രൂപയാണ് പിൻവലിച്ചിരിക്കുന്നത് . ഇത്ര ചെറിയ സമയത്ത് വൻ തോതിൽ നിക്ഷേപം പിൻവലിച്ചതിന് പിന്നിൽ പ്രതിസന്ധി അറിയുന്നവരുടെ ഇടപെടൽ ഉണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തൽ.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉയർന്നു വന്ന സമയത്ത് ബാങ്കിലെ ഭരണസമിതി സിപിഎമ്മിന്റെതായിരുന്നതിനാലാണ് എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തിയത്. 22 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു. അതിനോടൊപ്പം ബിനാമികളെന്നു സംശയിക്കുന്ന മൂന്നു പേരെ ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിച്ചിട്ടുമുണ്ട്. ഇതെല്ലാം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങളാണ്.

തിരുവനന്തപുരം : ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിണക്കേണ്ടെന്ന നിലപാടിൽ സർക്കാർ. സർക്കാർ നൽകിയ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിലും കോടതിയിൽ പോകില്ലെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന നിയമോപദേശമാണ് സർക്കാർ സ്വീകരിക്കാതിരിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് ഭയന്നാണ് സർക്കാർ ഗവർണർക്കെതിരെ തിരിയാത്തത്. ഗവർണറെ പിണക്കിയാൽ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്ന വിഷയവും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോകായുക്ത, സർവ്വകലാശാല ഭേദഗതി ബില്ലുകൾ എന്നിവ നിയമസഭ പാസാക്കിയെങ്കിലും ഒപ്പിടില്ലെന്ന നിലപാടിലാണ് ഗവർണർ. ഇതിനിടെയാണ് സർക്കാർ ഗവർണറെ ഓണാഘോഷ പരിപാടിക്കുൾപ്പെടെ ക്ഷണിച്ചിരിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകുപ്പ് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ് ഭവനിൽ എത്തിയിട്ടുണ്ട്. ഇവ വിലയിരുത്തി സർക്കാരിലേക്ക് തിരിച്ചയക്കാനോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം തേടി കേന്ദ്രത്തിലേക്ക് അയക്കാനോ ഗവർണർക്ക് കഴിയും. ഒപ്പിടാതെ ഇവ നീട്ടിക്കൊണ്ടു പോകാനും ഗവർണറിന് കഴിയുമെന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സർക്കാരിന് രാഷ്ട്രപതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാൻ കഴിയും. എന്നാൽ സ്ഥിതി വഷളാകാതെ ഇരിക്കാനാണ് ഗവൺമെന്റ് നിയമനടപടിയുമായി മുന്നോട്ടു പോകാത്തത്.

വാഷിംഗ്‌ടൺ : ഇന്ത്യൻ വംശജൻ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്ഥാനം നേടുമെന്ന റിപ്പോർട്ടുകൾ പുറത്ത് . യുഎസ് തിരഞ്ഞെടുപ്പിൽ ഫ്ളോറിഡാ ഗവർണർ റോൺ ഡിസാന്റിസും ഇന്ത്യൻ വംശജനായ അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമിയും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മുൻ യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് 56% ലീഡുമായി ഒന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ടിലുണ്ട്.

രാമസ്വാമി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പറഞ്ഞവരിൽ ഭൂരിഭാഗവും അദ്ദേഹത്തിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡിസാന്റിസ് രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പറഞ്ഞവരിൽ മൂന്നിൽ രണ്ട് ശതമാനം മാത്രമാണ് അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഒന്നാം സ്ഥാനത്തെത്തുമെന്ന് പറഞ്ഞവരിൽ എല്ലാവരും ട്രംപിന് മാത്രമേ വോട്ട് ചെയ്യൂവെന്നും സർവ്വേയിൽ പറയുന്നുണ്ട്.

പാലക്കാട് വേരുകളുള്ള മലയാളി സംരംഭകനാണ് വിവേക് രാമസ്വാമി. യുഎസ് തിരഞ്ഞെടുപ്പിൽ താൻ പിന്തുണ നൽകുന്നത് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്കാണെന്ന് എലോൺ മസ്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുഎസിലേക്ക് കുടിയേറിയ വിവേക് രാമസ്വാമിയുടെ അച്ഛൻ പാലക്കാട്ടുകാരനും അമ്മ തൃപ്പൂണിത്തറ സ്വദേശിയുമാണ്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ഉണ്ണി മുകുന്ദൻ നായകനാകും. ‘ജയ് ഗണേശ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രഞ്ജിത് ശങ്കർ തന്നെയാണ് നിർവഹിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ ഉണ്ണിമുകുന്ദൻ ഫിലിംസും രഞ്ജിത് ശങ്കറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഡ്രീം ആൻഡ് ബിയോണ്ട് ഫിലിംസും ചേർന്നാണ് ‘ജയ് ഗണേശ് ‘ നിർമ്മിക്കുന്നത്. ഗണേശോത്സവത്തോടനുബന്ധിച്ച് ഒറ്റപ്പാലത്ത് നടന്ന ചടങ്ങിൽ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ രഞ്ജിത് ശങ്കർ ഔദ്യോഗികമായി ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവെച്ചിരുന്നു.

‘ജയ് ഗണേശ് സിനിമയിലേക്ക് ഞാൻ നടനെ തിരയുകയായിരുന്നു. മാളികപ്പുറത്തിനുശേഷം കഴിഞ്ഞ ഏഴുമാസമായി ഉണ്ണി മുകുന്ദനും ഒരു സിനിമയിലും അഭിനയിച്ചിരുന്നില്ല. നല്ല തിരക്കഥയ്ക്കായി ആ സമയം കാത്തിരിക്കുകയായിരുന്നു ഉണ്ണി. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഉണ്ണി അന്വേഷിച്ച തിരക്കഥയും ഞാൻ ഉദ്ദേശിച്ച നടനെയുമാണ് കണ്ടെത്താൻ കഴിഞ്ഞത്. തുടർന്നാണ് ഈ പ്രൊജക്റ്റ് ഒരുമിച്ച് നിർമ്മിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇത് ആവേശവും വെല്ലുവിളിയും നിറഞ്ഞ യാത്രയാണെങ്കിലും ഇതിലെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കും’ എന്നാണ് രഞ്ജിത്ത് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജയ് ഗണേശ് സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ.

മോസ്കോ : റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ -25 ചന്ദ്രനിൽ തകർന്ന് വീണതിന് പിന്നാലെ കുഴഞ്ഞു വീണ മുതിർന്ന ശാസ്ത്രജ്ഞനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സോവിയറ്റ് യൂണിയന്റെ കാലം തൊട്ട് റഷ്യയുടെ സ്പേസ് ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞൻ മിഖായേൽ മാറോവ് (90) നെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീണ്ട 47 വർഷങ്ങൾക്ക് ശേഷം റഷ്യ അയച്ച ചാന്ദ്ര ദൗത്യമാണ് ചന്ദ്രനിൽ തകർന്ന് വീണത്.

ഇന്ത്യയുടെ ചന്ദ്രയാൻ -3 ന് മുൻപ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലൂണ -25 ഇറങ്ങുമെന്നായിരുന്നു റഷ്യ കണക്കുകൂട്ടിയിരുന്നത്. ചാന്ദ്രദൗത്യത്തിലെ തിരിച്ചടി തന്നെയും ആരോഗ്യത്തെയും തകർത്തെന്നാണ് മിഖായേൽ പ്രതികരിച്ചത്. ‘ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് എന്റെ ജീവിതമായിരുന്നത് കൊണ്ടാണ് ഞാൻ വിഷമിക്കുന്നത്. എന്നെസംബന്ധിച്ച് ഞങ്ങളുടെ ചാന്ദ്ര ദൗത്യത്തിലെ അവസാന പ്രതീക്ഷയായിരുന്നു ഇത്. ഈ സംഭവം വളരെയേറെ വേദനാജനകമാണ്.’ എന്നിങ്ങനെയായിരുന്നു ക്രെംലിനിലെ ആശുപത്രിയിൽ നിന്നുള്ള മിഖായേലിന്റെ പ്രതികരണം.

കൊച്ചി : കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. ശമ്പളം നൽകാത്ത കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം എന്താണെന്നും കഴിഞ്ഞ മാസത്തെ ശമ്പളം എങ്കിലും നൽകൂവെന്നും കോടതി പ്രതികരിച്ചു.

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം ആഘോഷിക്കണമെങ്കിൽ ഓഗസ്റ്റിലെ ശമ്പളം ആവശ്യമാണ്. എന്നാൽ ഈ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്. തുടർന്നാണ് ശമ്പളം കൂപ്പണായും പണമായും നൽകാമെന്നൊക്കെ സർക്കാർ തീരുമാനമെടുത്തത്. ശമ്പളം നൽകുന്ന കാര്യം എപ്പോഴും കോടതിയെകൊണ്ട് ഓർമ്മിപ്പിക്കുന്നതെന്തിനാണെന്ന് കോടതി സർക്കാരിനെ വിമർശിച്ചു.

3 മന്ത്രിമാർ ചേർന്ന് ഉന്നതസമിതി യോഗം നടത്തി എന്ത് തീരുമാനമാണ് എടുത്തതെന്നും പണം നൽകാൻ സർക്കാരിന് കഴിയാത്തതെന്താണെന്നും കോടതി ചോദിച്ചു. കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് 24 ലേക്ക് മാറ്റി.

ന്യൂ ഡൽഹി : നയതന്ത്ര ചർച്ചകൾക്കായി ഗ്രീസിലേക്ക് പോകാനൊരുങ്ങി നരേന്ദ്ര മോദി. 40 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ഗ്രീസ് സന്ദർശിക്കാൻ പോകുന്നത്. അവസാനമായി ഗ്രീസ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. പതിറ്റാണ്ടുകളായി പല ഇന്ത്യൻ പ്രധാനമന്ത്രിമാരും സന്ദർശിക്കാത്ത രാജ്യങ്ങളിലേക്കാണ് മോദി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ മോദി ഈജിപ്തിൽ പോയിരുന്നു. 26 വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശനമായിരുന്നു അത്. നരേന്ദ്ര മോദിയുടെ ഡെൻമാർക്ക്‌ സന്ദർശനവും ശ്രദ്ധേയമായിരുന്നു. ആ സന്ദർശനത്തോടെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഡെൻമാർക്ക്‌ സന്ദർശിക്കുന്ന പ്രധാനമന്ത്രിയെന്ന പേരാണ് മോദിയ്ക്ക് ലഭിച്ചത്.

ഇക്കഴിഞ്ഞ മേയിൽ പാപ്പുവ ന്യുഗിനിയ മോദി സന്ദർശിച്ചിരുന്നു. ഈ രാജ്യം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന റെക്കോർഡ് മോദിക്കാണ്. പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള സന്ദർശനങ്ങൾ രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്‌ദ്ധർ വ്യക്തമാക്കുന്നത്. ഗ്രീസ് സന്ദർശനത്തിൽ അവിടുത്തെ ഇന്ത്യൻ വംശജരുമായി സംവദിക്കാൻ മോദി പദ്ധതിയിടുന്നുണ്ട്. കൂടാതെ സമുദ്ര ഗതാഗതം, പ്രതിരോധം എന്നീ മേഖലയിലെ സഹകരണം സംബന്ധിച്ച് ഗ്രീക്ക് പ്രധാനമന്ത്രി മിസ്റ്റോടാക്കീസുമായി മോദി ചർച്ചകൾ നടത്തുമെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.