ഇടുക്കി : ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. കോടതിയുടെ ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഉടുമ്പൻ ചോല എൽ ആർ തഹസീദാർ നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതോടെ സിപിഎം പണികളെല്ലാം നിർത്തിവച്ചു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സി പിഎമ്മിന്റെ ഇടുക്കി ശാന്തൻപാറയിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിവരെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇരുപതോളം തൊഴിലാളികളെത്തി നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ രണ്ടാമത്തെ നിലയിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായുള്ള കതകുകളും ജനാലകളും വരെ വെച്ച് കഴിഞ്ഞിരുന്നു. നിർമാണം നിർത്തിവയ്‌ക്കാൻ കോടതിയുടെയോ കലക്ടരുടെയോ നിരോധന ഉത്തരവ് കൈയ്യിൽ കിട്ടിയിട്ടില്ലെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നുമായിരുന്നു ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ പ്രതികരണം.
‘ഭൂനിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ സാധാരണമാവും. റോഡ് നിർമ്മാണത്തിനായി ഓഫീസ് വരെ പൊളിച്ചു കൊടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം ‘ എന്നും വർഗീസ് പ്രതികരിച്ചു. റവന്യൂ വകുപ്പിന്റെ എൻ ഒ സി ലഭിച്ചില്ലെന്ന കാരണത്താലായിരുന്നു ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

