കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; നോട്ട് നിരോധന സമയത്തെത്തിയ 96 കോടിയുടെ ഉറവിടം തേടി ഇ ഡി

തൃശൂർ : നോട്ട് നിരോധന സമയത്ത് കരുവന്നൂർ ബാങ്കിലേക്ക് എത്തിയ വൻ നിക്ഷേപത്തിന്റെ വിവരങ്ങൾ തേടുകയാണ് ഇ ഡി. ഇതിന്റെ ഭാഗമായി ചേർപ്പിലെ സ്വർണ്ണ വ്യാപാരി അനിൽ സേട്ടിന്റെയും സതീശൻ വെളപ്പായുടെയും വീടുകളിൽ ഇ ഡി പരിശോധന നടത്തി. ബാങ്കിലേക്ക് വൻതോതിൽ എത്തിയ നിക്ഷേപത്തിൽ നിന്നും നിരോധിച്ച നോട്ടുകൾ മാറ്റിയെടുത്തെന്ന സൂചന ഇ ഡി യ്ക്ക് ലഭിച്ചതിന് തുടർന്നാണ് പരിശോധന നടത്തിയത്.

2015- 16 കാലഘട്ടത്തിൽ ബാങ്കിൽ 405 കോടിയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. 2016- 17 കാലഘട്ടത്തിൽ ഇത് 96 കോടി കൂടി 501 കോടിയായി മാറിയിരുന്നു. നോട്ട് നിരോധനം ഉണ്ടായ നവംബറിൽ ആയിരുന്നു നിക്ഷേപം ഇത്തരത്തിൽ കുമിഞ്ഞുകൂടിയത്. 2017- 18 കാലഘട്ടത്തിൽ ഇത് 405 കോടിയായ ശേഷം അടുത്തവർഷം 340 കോടിയായി കുറഞ്ഞു. ബാങ്കിൽ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതോടെ ഇത് 301 കോടിയായി മാറി. ബാങ്കിൽ നിന്നും അഞ്ചു വർഷത്തിനിടെ 200 കോടി രൂപയാണ് പിൻവലിച്ചിരിക്കുന്നത് . ഇത്ര ചെറിയ സമയത്ത് വൻ തോതിൽ നിക്ഷേപം പിൻവലിച്ചതിന് പിന്നിൽ പ്രതിസന്ധി അറിയുന്നവരുടെ ഇടപെടൽ ഉണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തൽ.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉയർന്നു വന്ന സമയത്ത് ബാങ്കിലെ ഭരണസമിതി സിപിഎമ്മിന്റെതായിരുന്നതിനാലാണ് എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തിയത്. 22 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു. അതിനോടൊപ്പം ബിനാമികളെന്നു സംശയിക്കുന്ന മൂന്നു പേരെ ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിച്ചിട്ടുമുണ്ട്. ഇതെല്ലാം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങളാണ്.