കോട്ടയം : മൃഗസംരക്ഷണ വകുപ്പിലെ ജോലിക്കാരിയെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിച്ച് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. താൽക്കാലിക ജീവനക്കാരിയായ സതീദേവിയെ വീട്ടിലെത്തി സന്ദർശിച്ച ചാണ്ടി ഉമ്മൻ പ്രതിപക്ഷത്തിന്റെ സഹായങ്ങൾ അവർക്കൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടരുതെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
അതേസമയം മൃഗസംരക്ഷണ വകുപ്പിൽ നിന്ന് താൽക്കാലിക ജീവനക്കാരിയെ പിരിച്ച് വിട്ട സംഭവം അറിഞ്ഞില്ലെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രതികരണം. വി എസിന്റെ കാലത്തും പിണറായിയുടെ കാലത്തും ഉമ്മൻചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ സിപിഐഎം തടസ്സപ്പെടുത്തിയെന്ന് ചാണ്ടി ഉമ്മൻ വിമർശിച്ചു. മണ്ഡലത്തിൽ വികസനങ്ങൾ മുരടിക്കുന്നതിന് കാരണം ഇടതുപക്ഷമാണെന്നും തലപ്പാടിയിലെ സൂപ്പർ സ്പെഷ്യാലിറ്റിയുടെ വികസനവും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനവും ഭരണപക്ഷം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിൽ സതീദേവിക്ക് ജോലി പോയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്. ഈ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ‘ഇടതുപക്ഷം സാങ്കേതികത്വം പറയുമ്പോൾ ഞങ്ങൾ മനുഷ്യത്വമാണ് പറയുന്നത്. ഇന്നലെവരെ 8000 രൂപ മാസ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന സതീദേവി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന് പിറ്റേ ദിവസമാണ് പിരിച്ചുവിടപ്പെട്ടത്’ എന്നുമായിരുന്നു സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

